ഉപ്പുതോട് ഗവ. സ്കൂൾ സുവർണ ജൂബിലി നിറവിൽ
1279408
Monday, March 20, 2023 10:43 PM IST
ചെറുതോണി: ഹൈറേഞ്ചിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ ഉപ്പുതോട് ഗവ. യുപി സ്കൂൾ 50 വർഷം പിന്നിടുന്നു. ഈ മാസം അവസാനവാരത്തിൽ ആഘോഷങ്ങൾ നടത്താനാണ് പിടിഎ തീരുമാനം.
പരിപാടികളുടെ നടത്തിപ്പിനായി സ്കൂൾ ഹാളിൽ സംഘാടകസമിതി യോഗം ചേർന്നു. മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി ചെയർപേഴ്സണും പിടിഎ പ്രസിഡന്റ് മനോജ് കുളപ്പുറം ജനറൽ കൺവീനറായും 51 അംഗ സംഘാടകസമിതി രൂപീകരിച്ചു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി, വൈസ് പ്രസിഡന്റ് പ്രിജിനി ടോമി, പഞ്ചായത്തംഗം ഡെന്നി ബെന്നി, ഹെഡ്മിസ്ട്രസ് റാണി തോമസ്, പിടിഎ പ്രസിഡന്റ് മനോജ് കുളപ്പുറം, അധ്യാപകരായ എം.ആർ. ബിനോജ്, സൗമ്യ സിറിയക്, പിടിഎ ഭാരവാഹികൾ, പൂർവവവിദ്യാർഥീ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി ഉപ്പുതോട് പോസ്റ്റ് ഓഫീസിനു സമീപം സ്വാഗതസംഘം ഓഫീസ് തുറന്നു.
ചെറുതോണി പാലത്തിന്റെ നിർമാണം
ബിജെപി പ്രവർത്തകർ തടഞ്ഞു
ചെറുതോണി: അടിമാലി-കുമളി ദേശീയപാതയിൽ ചെറുതോണി ആറിനു കുറുകെയുള്ള പുതിയ പാലത്തിന്റെ നിർമാണത്തിൽ അശാസ്ത്രീയത ആരോപിച്ച് ബിജെപി പ്രവർത്തകർ നിർമാണപ്രവർത്തനങ്ങൾ തടഞ്ഞു. ഇതോടെ നിർമാണ ജോലികൾ നിർത്തിവച്ചു. മണ്ഡലം പ്രസിഡന്റ് സുരേഷ് മീനത്തേരിയുടെ നേതൃത്വത്തിലുള്ള ബിജെപി പ്രവർത്തകരാണ് ഇന്നലെ രാവിലെ പാലത്തിന്റെ നിർമാണം തടഞ്ഞത്. ചെറുതോണിയിലെ ചില കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിനായി പ്ലാനിൽനിന്ന് വ്യത്യസ്ഥമായാണ് പാലം നിർമിക്കുന്നതെന്ന് നേരത്തെതന്നെ ആരോപണം ഉയർന്നിരുന്നു.