ശാന്തിഗിരിയിൽ ദക്ഷിണേന്ത്യൻ ബാസ്കറ്റ്ബോൾ മത്സരം
1279410
Monday, March 20, 2023 10:43 PM IST
തൊടുപുഴ: വഴിത്തല ശാന്തിഗിരി കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ ദക്ഷിണേന്ത്യൻ ബാസ്കറ്റ്ബോൾ മത്സരം 22 മുതൽ 24 വരെ നടക്കുമെന്ന് പ്രിൻസിപ്പൽ ഫാ. പോൾ പാറക്കാട്ടേൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഫാ. ബീഡ് കൊരട്ടിയിൽ മെമ്മോറിയൽ ടൂർണമെന്റിൽ തിരുവനന്തപുരം മാർ ഇവാനിയോസ്, ചങ്ങനാശേരി എസ്ബി, തൃശൂർ കേരളവർമ, തേവര എസ്എച്ച്, അങ്കമാലി ഫിസാറ്റ്, ചെന്നൈ ലയോള, മാന്നാനം കെഇ, ചെന്നൈ സത്യഭാമ എന്നീ കോളജുകളിൽനിന്നുള്ള ടീമുകൾ പങ്കെടുക്കും.
22നു രാവിലെ 9.30നു മൂവാറ്റുപുഴ കാർമൽ പ്രൊവിൻഷ്യൽ ഫാ. ബിജു കൂട്ടപ്ലാക്കൽ ഉദ്ഘാടനം ചെയ്യും. കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ടോമി കുന്നേൽ മുഖ്യാതിഥിയായിരിക്കും. ദേശീയ ഫെഡറേഷൻ എക്സിക്യൂട്ടീവംഗം പി.ജെ. സണ്ണി മുഖ്യപ്രഭാഷണം നടത്തും. ജേതാക്കൾക്ക് യഥാക്രമം എവറോളിംഗ് ട്രോഫിയും 15,000, 10,000, 7,500 ക്രമത്തിൽ കാഷ് അവാർഡും ട്രോഫികളും നൽകും.
രാവിലെയും ഉച്ചകഴിഞ്ഞുമായി രണ്ടു മത്സരങ്ങൾ വീതം നടക്കും. സമാപന സമ്മേളനത്തിൽ ജേതാക്കൾക്ക് ക്രിക്കറ്റ് താരം ടിനു യോഹന്നാൻ സമ്മാനദാനം നിർവഹിക്കും. അധ്യാപകരായ അമിൽ കൃഷ്ണ, പി. പ്രശാന്ത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.