ഇസ്രായേലിലേക്ക് മനുഷ്യക്കടത്തും ജോലി തട്ടിപ്പും: പ്രതി പിടിയിൽ
1282582
Thursday, March 30, 2023 10:25 PM IST
തൊടുപുഴ: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്തും ടൂർ പാക്കേജിന്റെ മറവിൽ ആളുകളെ കടത്തിയും കോടികൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. പറവൂർ കൂനമ്മാവ് വെട്ടിക്കൽ സാൻജോ ജോസഫിനെ (38) ആണ് തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
റോസരി ട്രാവൽസ് ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ മറവിൽ സാൻജോ എണ്പതോളം ആളുകളിൽനിന്നു പണം തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. തൊടുപുഴയിലും ആലുവയിലും പ്രവർത്തിച്ചുവന്നിരുന്ന സ്ഥാപനങ്ങളിലായി അഞ്ചു കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയതായാണ് സൂചന. എറണാകുളം സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഇസ്രയേലിലെ തീർഥാടന കേന്ദ്രങ്ങളിലേക്ക് ടൂർ പാക്കേജ് ഒരുക്കിയാണ് ഇടപാടുകാരെ ആകർഷിച്ചിരുന്നത്. ഇതിനായി ഒന്നര മുതൽ ഒന്നേമുക്കാൽ ലക്ഷം രൂപയാണ് ഒരോരുത്തരിൽനിന്നു വാങ്ങുന്നത്. ഇതിൽ പങ്കെടുക്കുന്നവരിൽ ഇസ്രയേലിൽ ജോലി ചെയ്യാൻ താത്പര്യം ഉള്ളവർക്കാണ് ജോലി വാഗ്ദാനം ചെയ്തിരുന്നത്. ഇവരിൽനിന്നു ആറു മുതൽ എട്ടു ലക്ഷം രൂപ വരെയാണ് ഇയാൾ കൈപ്പറ്റിയിരുന്നു.
പണം നൽകുന്നവരെ ഗ്രൂപ്പുകളായി ജോർദാനിലെത്തിച്ച് അവിടെനിന്നു ഇസ്രായേലിലേക്കു കടത്താനായിരുന്നു ഇയാളുടെ പദ്ധതി. പ്രതിയുടെ വാക്കു വിശ്വസിച്ച് ജോർദാനിലെത്തിയവരെ സാങ്കേതിക തടസങ്ങൾ പറഞ്ഞ് ഇയാൾ തന്ത്രപൂർവം തിരിച്ചയയ്ക്കുകയായിരുന്നു. തുടർന്നാണ് പണം നൽകിയവർ പരാതിയുമായി പോലീസിനെ സമീപിച്ചത്.
അടുത്ത മാസം വിദേശത്തേക്ക് കടക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ കോട്ടയത്തുനിന്നാണ് സാൻജോ ജോസഫ് പോലീസിന്റെ പിടിയിലായത്. അന്വേഷണം നടത്തുന്നതിനിടെ പ്രതിയുടെ കഐൽ 38 ജെ 8249 കാറിന്റെ നന്പർ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ കോട്ടയത്തിനു സമീപം പോലീസ് നിരീക്ഷണ കാമറയിൽ പ്രതിയുടെ വാഹനം പതിഞ്ഞു. തുടർന്ന് ഇവിടെനിന്നു കോട്ടയം വെസ്റ്റ് സിഐയുടെ സഹായത്തോടെയാണ് തൊടുപുഴ പോലീസ് പ്രതിയെ പിടികൂടിയത്.
തൊടുപുഴയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉദ്യോഗാർഥികളിൽനിന്നു പണം അക്കൗണ്ടിലൂടെ ലഭ്യമാക്കിയ സാൻജോയുടെ ബന്ധുക്കളെകുറിച്ചും പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പല ജില്ലകളിലും ആളുകൾ തട്ടിപ്പിനിരയായതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് സിഐ വി.സി. വിഷ്ണുകുമാർ പറഞ്ഞു.
ഇയാളുടെ കാളിയാറുള്ള ഭാര്യാവീട്ടിൽ നടത്തിയ പരിശോധനയിൽ വിദേശത്തേക്കു കടത്താൻ ശ്രമിച്ച 160 പേരുടെ വിവരങ്ങൾ ലഭിച്ചതായി പോലീസ് അറിയിച്ചു. പ്രതിയുടെ തൊടുപുഴ വടക്കുംമുറിയിലെ അടഞ്ഞുകിടക്കുന്ന ഓഫീസിൽ ഇന്നലെ പോലീസ് പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തു.
പ്രതിയെ കോടതിയിൽ ഹാജരാക്കി.