ഇന്ധന സെസ്: ദുരിതത്തീയിൽ ജനം
1282892
Friday, March 31, 2023 10:56 PM IST
തൊടുപുഴ: ഇന്നുമുതൽ സംസ്ഥാനത്ത് ഇന്ധനസെസ് ലിറ്ററിന് രണ്ടുരൂപ വർധിപ്പിക്കാനുള്ള ബജറ്റ് നിർദേശം നിലവിൽ വരുന്നതോടെ സാധാരണക്കാരന്റെ ജീവിതം ദുരിതത്തീയിലാകും. നിത്യോപയോഗ സാധനങ്ങളുടെ വില ഇപ്പോൾതന്നെ താങ്ങാവുന്നതിലും അപ്പുറമാണ്.
ഇന്ധനവില വർധനയോടെ ഉപ്പുമുതൽ കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് വില വീണ്ടും കുതിച്ചുയരാൻ ഇടയാക്കും. തൊടുപുഴയിൽ ഒരുലിറ്റർ പെട്രോളിന് ഇന്നലെ 105.88 രൂപയും ഡീസലിന് 95.66 രൂപയുമായിരുന്നു വില.
എന്നാൽ, രണ്ടുരൂപയുടെ വർധന പ്രാബല്യത്തിലാകുന്നതോടെ സർവ മേഖലകളേയും ഇതു ബാധിക്കും.
നിർമാണമേഖലയിൽ ഇപ്പോൾതന്നെ വിലക്കയറ്റം സാധാരണക്കാർക്ക് ദുസഹമാണ്. ഇന്ധന സെസ് നിലവിൽ വരുന്നതോടെ നിർമാണമേഖലയിലും ഉത്പന്നങ്ങൾക്ക് വില കുതിച്ചുയരും. ഇത് ഭവന നിർമാണത്തിനും വലിയ തിരിച്ചടിയാകും.
പച്ചക്കറി, പലചരക്ക് സാധനങ്ങളുടെ വില ഉയരുന്നതോടെ കുടുംബബജറ്റ് തന്നെ താളംതെറ്റും. കാർഷികമേഖലയേയും ഇതു കാര്യമായി ബാധിക്കും. കാർഷികോത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനു ഇപ്പോൾതന്നെ ചെലവ് കൂടുതലാണ്. ഇനിയും നിരക്ക് ഉയരുന്നത് കാർഷികോത്പാദനം പിന്നോട്ടടിക്കാൻ കാരണമാകും.
തൊഴിൽമേഖലയ്ക്കും ഇന്ധന സെസ് വർധന അധികബാധ്യത വരുത്തിവയ്ക്കും. പുതിയ തൊഴിൽസംരംഭങ്ങളിലേക്ക് കടന്നുവന്ന നവാഗതർക്ക് കല്ലുകടിയാകും സർക്കാരിന്റെ ഈ തീരുമാനം. ഓട്ടോ, ടാക്സി ഉടമകളും കൂടുതൽ പ്രതിസന്ധിയിലാകും.
നിരക്കുവർധന ആവശ്യപ്പെട്ട് ഇവരും സമരരംഗത്തെത്താനുള്ള സാധ്യതയുണ്ട്. ഇപ്പോൾതന്നെ പ്രതിസന്ധിയിലായ കെ എസ്ആർടിസിയുടെ നില കൂടുതൽ പരുങ്ങലിലാകും.