അറക്കുളത്തെ വ്യാപാരികൾക്ക് പഞ്ചായത്തിന്റെ ഇരുട്ടടി
1298283
Monday, May 29, 2023 9:29 PM IST
മൂലമറ്റം: അറക്കുളം പഞ്ചായത്തിൽ ഇന്ന് വ്യാപാരിഹർത്താലും പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണയും സംഘടിപ്പിക്കും. പഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങളുടെ തൊഴിൽനികുതി 2500 രൂപ ആക്കിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
സമീപ പഞ്ചായത്തുകളിൽ 600 രൂപ മുതൽ തൊഴിൽനികുതി ഈടാക്കുന്പോഴാണ് അറക്കുളം പഞ്ചായത്തിൽ പെട്ടിക്കടകൾക്കു പോലും ഈ തുക ഈടാക്കുന്നത്. ബാർ ഹോട്ടലുകൾക്കു മാത്രമാണ് 2,500 രൂപ നികുതി ഈടാക്കുന്നത്. നേരത്തെ 600 രൂപയായിരുന്നു അറക്കുളം പഞ്ചായത്തിൽ വ്യാപാരികളിൽനിന്നു വാങ്ങിയിരുന്നത്. ഇത് ഒറ്റയടിക്ക് 2,500 രൂപയായി വർധിപ്പിക്കുകയായിരുന്നു. ഇത് കുറയ്ക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റിയിൽ വ്യാപാരികൾ പരാതി നൽകുകയും പഞ്ചായത്ത് കമ്മിറ്റി വിഷയം ചർച്ച ചെയ്ത് തൊഴിൽനികുതി ഒരു സ്ലാബ് കൂട്ടിയാൽ മതിയെന്നു തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനു വിരുദ്ധമായാണ് ഇപ്പോൾ 2,500 രൂപ നികുതി വാങ്ങുന്നത്.
അറക്കുളം പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കുന്നതിന് അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. വളരെ കുറച്ച് പേർക്കു മാത്രമാണ് ലൈസൻസ് നൽകിയിരിക്കുന്നത്. ഉടമ കെട്ടിടനികുതി അടയ്ക്കാത്തത്തിന്റെ പേരിലും വ്യാപാരികൾക്ക് ലൈസൻസ് നിഷേധിച്ചിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് പഞ്ചായത്തിൽ വ്യാപാരിഹർത്താലും രാവിലെ 10ന് ധർണയും സംഘടിപ്പിക്കുന്നത്.