"മറയില്ലാതെ മറയൂർ' ഡോക്കുമെന്ററി തയാറാക്കി റിട്ട. അധ്യാപിക
1336543
Monday, September 18, 2023 10:58 PM IST
മറയൂർ: ചരിത്രം ഉറങ്ങുന്ന നാടിന്റെ നേർക്കാഴ്ചകൾ ദൃശ്യവത്കരിച്ച് പുറംലോകത്തിന് പരിചയപ്പെടുത്തി റിട്ടയേഡ് അധ്യാപിക ഡോ. എ. മീര. മറയൂർ ഗവ. ഹൈസ്കൂളിൽനിന്ന് വിരമിച്ച ഡോ. മീരയാണ് "മറയില്ലാതെ മറയൂർ' എന്ന ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഭർത്താവും ആലുവ യു.സി. കോളജിലെ റിട്ട. പ്രഫസറുമായ വി.പി. മാർക്കോസാണ് നിർമാണം.
കഴിഞ്ഞ മാർച്ചിലാണ് മീര ടീച്ചർ അധ്യാപനവൃത്തിയിൽനിന്ന് വിരമിച്ചത്. തുടർന്ന് താൻ കണ്ട നാടിന്റെ ഡോക്കുമെന്ററിയുടെ പണിപ്പുരയിലായിരുന്നു. ഡോക്കുമെന്ററിയുടെ പ്രകാശനം മറയൂർ സഹകരണ ബാങ്ക് ഹാളിൽ നടന്നു. കവി അശോകൻ മറയൂർ, പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഹെൻട്രി എന്നിവർ സന്നിഹിതരായിരുന്നു.
മറയൂർ എന്നാൽ മറയ്ക്കപ്പെട്ട ഊര്, മറഞ്ഞിരിക്കുന്ന ഊര്, വേദങ്ങളുടെ ഊര് എന്നിങ്ങനെ പല വ്യാഖ്യാനങ്ങളുണ്ട്. മറയൂരിനെക്കുറിച്ചുള്ള ചരിത്രരേഖകൾ കണ്ടെത്തി കൂടുതൽ തെളിമയോടെ, ചാരുതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഈ ഡോക്കുമെന്ററി. മറയൂരിനെ സംബന്ധിക്കുന്ന ഐതിഹ്യങ്ങൾ, മറയൂരിലെ ആദിമ നിവാസികളായ മലപ്പുലയ, മുതുവാൻ ഗോത്രങ്ങളുടെ സാംസ്ക്കാരിക സവിശേഷതകൾ, മറയൂർ ചന്ദനം, ശർക്കര, മുനിയറകൾ ഇവയെല്ലാം ഉൾ പ്പെടുത്തി തയാറാക്കിയിട്ടുള്ള 45 മിനിറ്റ് നീണ്ടുനിൽക്കുന്ന ഹ്രസ്വ ചിത്രമാണ്.
വർഷങ്ങൾക്ക് മുൻപ് ആലുവ പടിഞ്ഞാറേ കടുങ്ങല്ലൂർ സ്കൂളിൽ ജോലി ചെയ്തുവരവേ ഭർത്താവുമായി മറയൂരിൽ വിനോദസഞ്ചാരിയായി എത്തിയതാണ് മീര. മറയൂരിനെ ഏറെ ഇഷ്ടപ്പെട്ട അവർ മറയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലം മാറ്റം ചോദിച്ചുവാങ്ങുകയായിരുന്നു. സ്കൂളിന്റെ സർവതോമുഖമായ പുരോഗതിക്ക് നേതൃത്വം നൽകിയ മീര ടീച്ചർ വിരമിച്ചിട്ടും മറയൂരിൽ തന്നെ തങ്ങിയാണ് ചിത്രം പൂർത്തിയാക്കിയത്. ഒരു വർഷത്തെ പരിശ്രമത്തിനൊടുവിലാണ് ചിത്രം പൂർത്തിയാക്കിയത്.
ഛായാഗ്രഹണം അജിത്ത് വിഷ്ണുവും എഡിറ്റിംഗ് ടൈറ്റസ് ജോസഫും സംഗീതം സാബിർ മദാറും ശബ്ദമിശ്രണം രാകേഷ് ജനാർദനനുമാണ് നിർവഹിച്ചിരിക്കുന്നത്. ടൈറ്റിൽസ്: സജു കോച്ചേരി, സഹസംവിധാനം: എസ്. ദേവനന്ദൻ.