തൊടുപുഴ: ശുചീകരണ തൊഴിലാളികളുടെ തൊഴിൽ സാഹചര്യം വിലയിരുത്തുന്നതിനായി സഫായ് കർമചാരി കമ്മീഷനംഗം ഡോ. പി.പി. വാവ തൊടുപുഴയിൽ സന്ദർശനം നടത്തി.
നഗരസഭാ കോണ്‍ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ ജീവിത നിലവാരവും തൊഴിൽ സാഹചര്യവും അദ്ദേഹം വിലയിരുത്തി. നഗരസഭാ ചെയർമാൻ സനീഷ് ജോർജ് അധ്യക്ഷത വഹിച്ചു.
ശുചീകരണ തൊഴിലാളികൾക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകുന്നത് സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു. വിദ്യാഭ്യാസമേഖലയിൽ ശുചീകരണ തൊഴിലാളികളുടെ മക്കൾക്ക് അഞ്ച് ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവർ സ്വന്തം അവകാശങ്ങൾ കൃത്യമായി ഉറപ്പാക്കണമെന്നും കമ്മീഷൻ പറഞ്ഞു.
കൂടാതെ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കിയിട്ടുള്ള വിവിധ ക്ഷേമ പദ്ധതികളുടെ പ്രയോജനം തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ടോ എന്നത് നഗരസഭ ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊടുപുഴ നഗരത്തിലെ സ്കാവഞ്ചിംഗ് തൊഴിലാളികളുടെ നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നതിനായി നഗരസഭ ആരോഗ്യവിഭാഗം കമ്മീഷൻ മുന്‍പാകെ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ തൊടുപുഴ നഗരസഭയിൽ മാനുവൽ സ്കാവഞ്ചിംഗിൽ ഏർപ്പെടുന്ന തൊഴിലാളികളെ നിലവിൽ കണ്ടെത്തിയിട്ടില്ല.
നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികളും ഈ പ്രവർത്തിയിൽ നേരിട്ട് ഏർപ്പെടുന്നില്ലെന്നും നഗരപരിധിയിൽ സെപ്റ്റിക് ടാങ്കുകൾ, കക്കൂസ്, മാലിന്യ കുഴികൾ എന്നിവ നിറയുന്ന സാഹചര്യത്തിൽ വാഹനം, മോട്ടോർ സംവിധാനങ്ങൾ എന്നിവ ഉപയോഗപ്പെടുത്തി സ്ലാബുകൾ നീക്കി മോട്ടോർ ഉപയോഗിച്ച് പന്പ് ചെയ്ത് വാഹനത്തിൽ കയറ്റി കൊച്ചി ബ്രഹ്മപുരം പ്ലാന്റിൽ എത്തിക്കുന്ന ഒരു ഏജൻസിയും അതിനായി മൂന്നു തൊഴിലാളികളെയും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ എജൻസി തന്നെ ലഭ്യമാക്കുന്നുണ്ട്.
തൊടുപുഴ നഗരസഭയുടെ കീഴിൽ 17 പുരുഷൻമാരും 21 സ്ത്രീകളുമടക്കം 38 ശുചീകരണ തൊഴിലാളികളാണുള്ളത്. നഗരത്തിൽ ഓടകളുടെ വൃത്തിയാക്കൽ, പൊതു ശുചീകരണ പ്രവർത്തനങ്ങൾ എന്നീ തൊഴിലുകളിൽ ഏർപ്പെടുന്ന ഇവർക്ക് ആവശ്യമായ ഗ്ലൗസ്, മാസ്ക്, യൂണിഫോം, ഗംബൂട്ട് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ നൽകുകയും ആവശ്യമായ ആരോഗ്യ പരിശോധനകൾ നടത്തി വരുന്നുണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യകാതമാക്കി.
എഡിഎം ഷൈജു പി.ജേക്കബ്, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. കരീം, കൗണ്‍സിലർമാർ, മുനിസിപ്പൽ സെക്രട്ടറി ബിജുമോൻ ജേക്കബ്, ശുചിത്വ മിഷൻ അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മിഷണർ ജെ.ആർ.ലാൽ കുമാർ , എൽഎസ്ജിഡി ഡിഡിപി ജോസഫ്, സംസ്ഥാന നോഡൽ ഓഫീസർ ഗോപി കൊച്ചുരാമൻ, നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇ. എം.മീരാൻകുഞ്ഞ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.