കണ്ണംപടിയിലെ ഒരു കോടിയുടെ വികസനം ഉദ്ഘാടനത്തിലൊതുങ്ങി
1338000
Sunday, September 24, 2023 10:41 PM IST
ഉപ്പുതറ: ഇടുക്കി വന്യജീവി സങ്കേതത്തിലെ ഉൾഗ്രാമമായ മേമാരി ആദിവാസിക്കുടിയിലെ ഒരു കോടി രൂപയുടെ സമഗ്ര വികസനം 11 മാസം മുൻപ് നടത്തിയ ഉദ്ഘാടനത്തിൽ അവസാനിച്ചു. ഒന്നര വർഷം മുൻപാണ് അംബദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിക വർഗ വികസന വകുപ്പ് ഒരു കോടി രൂപ അനുവദിച്ചത്.
പശ്ചാത്തല സൗകര്യങ്ങൾക്കൊപ്പം ജീവനോപാധികൾകൂടി മെച്ചപ്പെടുത്താനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തത്. സംസ്ഥാന സർക്കാരിന്റെ പ്രൈസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഡിഎസ്ആർ-2018 പ്രകാരം എസ്റ്റിമേറ്റ് തയാറാക്കി.
റോഡിന്റെ അറ്റകുറ്റപ്പണികൾ മാർച്ചിനുള്ളിൽ നടത്താനും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ മേമാരി കോളനി വരെയുള്ള റോഡിന്റെ സമഗ്ര വികസനം നടപ്പാക്കാനുമായിരുന്നു തീരുമാനം.
ഏറെ നാളത്തെ സമ്മർദത്തിനൊടുവിൽ 2022 ഒക്ടോബർ 10-ന് വികസന പദ്ധതികൾ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി. മനോജ് ഉദ്ഘാടനം ചെയ്തു.
പട്ടിക വർഗ വികസന വകുപ്പിന്റെയും പദ്ധതി നടത്തിപ്പിന്റെ ചുമതല ഏറ്റെടുത്ത വാപ്കോസ് ഏജൻസിയുടെയും മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. എന്നാൽ, പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. വികസനം ആവശ്യപ്പെട്ട് പഞ്ചായത്തിനു മുന്നിൽ ആദിവാസികൾ സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇടുക്കി പദ്ധതിക്കു വേണ്ടി 1967-ൽ മുത്തംപടി താഴെനിന്നു കുടിയൊഴിപ്പിച്ച് സർക്കാർ തന്നെ കുടിയിരുത്തിയതാണ് മേമാരിയിലെ 97 ആദിവാസി കുടുംബങ്ങൾ. കൃഷി ചെയ്തും തേൻ അടക്കമുള്ള വനവിഭവങ്ങൾ ശേഖരിച്ചുമാണ് ഇവർ ജീവിക്കുന്നത്.
വഴിയും വെള്ളവും തൊഴിലവസരങ്ങളും നൽകുമെന്ന ഉറപ്പ് അര നൂറ്റാണ്ടു കഴിഞ്ഞിട്ടും അധികൃതർ പാലിച്ചില്ല. അനുവദിക്കുന്ന ഫണ്ട് വിനയോഗിക്കുന്നതിലും അലംഭാവം കാട്ടുകയാണ്. ഇതിനെതിരേ വീണ്ടും സമരത്തിന് തയാറെടുക്കുകയാണ് മേമാരി കുടിയിലെ ആദിവാസികൾ .