വൊസാർഡിന്റെ 25-ാം ജന്മദിനാഘോഷത്തിന് ഇരട്ടി മധുരമായി സംസ്ഥാന അവാർഡ്
1338790
Wednesday, September 27, 2023 11:14 PM IST
കട്ടപ്പന: സാമൂഹ്യ ക്ഷേമ രംഗത്തും വയോജന ഉന്നമനത്തിനും കരുത്തു പകർന്ന വൊസാർഡിന് 25 -ാം ജന്മദിന സമ്മാനമായി സംസ്ഥാന അവാർഡ്.
വയോജന മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ഈ മേഖലയിൽ സംസ്ഥാനത്തെ മികച്ച എൻജിഒ ആയി സാമൂഹ്യനീതി വകുപ്പ് വെസാർഡിന് വയോ സേവന അവാർഡ് - 2023 നല്കുന്നത്.
1998 ൽ കുമളിയിൽ ആരംഭിച്ച വോളണ്ടറി ഓർഗനൈസേഷൻ ഫോർ സോഷ്യൽ ആക്ഷൻ ആൻഡ് റൂറൽ ഡവലപ്പുമെന്റ് ( വൊസാർഡ്) ഇന്ന് ദരിദ്രരുടെയും ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും വിവിധ രോഗബാധിതരുടെയും അത്താണിയായി എട്ടു ജില്ലകളിൽ പ്രവർത്തിക്കുന്നുണ്ട്.
2013 മുതൽ വിവിധ പഞ്ചായത്തുകളിൽ അടിസ്ഥാന തലത്തിൽ വിവിധ പ്രൊജക്ടിന്റെ പ്രവർത്തനങ്ങൾ തുടരുന്നു. നിലവിൽ കേരളത്തിലും തമിഴ്നാട്ടിലുമായി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
ഈ പ്രോജക്ട് മുഖാന്തരം വയോജനങ്ങൾക്ക് മെഡിക്കൽ സപ്പോർട്ടുകൾ, വരുമാനദായക പ്രവർത്തനങ്ങൾ തുടങ്ങുന്നതിനു വേണ്ടിയുള്ള സപ്പോർട്ടുകൾ, വിവിധ പരിശീലന പരിപാടികൾ, നിയമസഹായം ആവശ്യമായവർക്ക് അതിനു വേണ്ടിയുള്ള ക്രമീകരണങ്ങൾ തുടങ്ങിയവ നൽകുന്നുണ്ട്. ഇതു മുൻനിർത്തിയാണ് വൊസാർഡിന് ഇപ്പോൾ സംസ്ഥാന അവാർഡ് ലഭിച്ചിരിക്കുന്നത്.
സിഎംഐ കോട്ടയം പ്രൊവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയുടെ നെടുംതൂണായ ഡയറക്ടർ ഫാ. ജോസ് ആന്റണി സിഎംഐക്കൊപ്പം 40 ഓളം ജീവനക്കാരാണ് വൊസാർഡിന്റെ പ്രവർത്തനങ്ങളിലുള്ളത്.
ഒക്ടോബർ ഒന്നിന് വയോജന ദിനത്തിൽ തിരുവനന്തപുരം വഴുതക്കാട് കോട്ടൻ ഹിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിൽനിന്ന് അവാർഡ് ഏറ്റുവാങ്ങും.