കാഞ്ഞിരപ്പള്ളി: ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയില്‍ മരച്ചീനിക്കര്ഷകരുടെ കണ്‍സോര്‍ഷ്യം രൂപീകൃതമായതായി ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
മരച്ചീനിക്കര്ഷകരെ ഒന്നിച്ചുചേര്‍ക്കുക, കൃഷിയെക്കുറിച്ച് സെമിനാറുകളും ക്ലാസുകളും നല്‍കുക, വ്യത്യസ്ത ഇനങ്ങളിലുള്ള കപ്പത്തണ്ടുകള്‍ കൈമാറുക, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുക തുടങ്ങി വ്യത്യസ്തമായ കര്‍മപരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
വിളസ്ഥിരതയും വിലസ്ഥിരതയും ഉറപ്പാക്കി ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിലുള്ള പുരോഗതിയും മൂല്യത്തിലുള്ള വര്‍ധനവും വഴി കര്‍ഷകരുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്നതാണ് ഇന്‍ഫാമിന്റെ ലക്ഷ്യം. ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ നിലവില്‍ ഒരു കിലോ കപ്പ 30 രൂപയ്ക്ക് സംഭരിക്കുന്നുണ്ട്.
കര്‍ഷകരില്‍നിന്ന് ശേഖരിക്കുന്ന വിവിധ ഉത്പന്നങ്ങള്‍ ഗുണനിലവാരമുള്ള വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങളായി ജനങ്ങളിലേക്ക് എത്തിക്കുമെന്നും ഇതിലൂടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില കര്‍ഷകര്‍ക്ക് ഉറപ്പാക്കുമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.
കാര്‍ഷികവിളകള്‍ക്ക് വിലത്തകര്‍ച്ചയുണ്ടായ മുന്‍കാലങ്ങളിലും കര്‍ഷകരുടെ രക്ഷയ്ക്കായി ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല മുന്നോട്ടുവന്നിരുന്നു. കപ്പ, കാപ്പിക്കുരു, ഏത്തക്കുല തുടങ്ങിയവയും മുന്‍ വര്‍ഷങ്ങളില്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടിയ വിലയ്ക്ക് സംഭരിച്ചിരുന്നു. പിന്നീട് ബോണസും നല്കി.
യോഗത്തില്‍ മാര്‍ക്കറ്റിംഗ് സെല്‍ ഡയറക്ടര്‍ ഫാ. ജയിംസ് വെണ്മാന്തറ, ഫാ. മാര്ട്ടിന് വെള്ളിയാംകുളം, ഫാ. സെബാസ്റ്റ്യന്‍ പെരുനിലം, ഫാ. വര്‍ഗീസ് കുളമ്പള്ളി, ഫാ. മാത്യു വള്ളിപ്പറമ്പില്‍, സെക്രട്ടറി പി.വി. മാത്യു പ്ലാത്തറ, ജെയ്സണ്‍ ചെംബ്ലായില്‍, നെല്‍വിന്‍ സി. ജോയി, ജോമോന് ചേറ്റുകുഴി, തങ്കച്ചന് കൈതയ്ക്കല്‍, ജോസ് താഴത്തുപീടിക, തോമസ് തുപ്പലഞ്ഞിയില്‍, പി.എം. അലക്സാണ്ടര്‍, സാജു പവ്വത്ത്, സെബാസ്റ്റ്യന്‍ മുക്കുങ്കല്‍, എക്സിക്യൂട്ടീവ് അംഗങ്ങള്‍, താലൂക്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.