ഇടുക്കി: ജില്ലയിലെ വികസനപ്രവർത്തനങ്ങൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ വിലയിരുത്തി. ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളെ ഉൾക്കൊള്ളിച്ച് എറണാകുളത്ത് നടന്ന മേഖലാതല അവലോകന യോഗത്തിലാണ് സൂചികകൾ അടിസ്ഥാനപ്പെടുത്തി ലക്ഷ്യങ്ങൾ നിശ്ചയിച്ചത്. നവംബറോടെ ജില്ലയിൽ അതിദാരിദ്ര്യ നിർമാർജനം പൂർത്തിയാക്കാൻ കഴിയുമെന്ന് യോഗം വിലയിരുത്തി. 2665 കുടുംബങ്ങളെയാണ് ജില്ലയിൽ അതിദരിദ്രരായി കണ്ടെത്തിയിട്ടുള്ളത്.
‘അവകാശം അതിവേഗം’ പദ്ധതിയിലൂടെ ജില്ലയിൽ 280 ആരോഗ്യ ഇൻഷ്വറൻസ് കാർഡ് ആവശ്യമായവരെ കണ്ടെത്തുകയും 200 പേർക്ക് കാർഡ് വിതരണം ചെയ്യുകയും ചെയ്തു. തിരിച്ചറിയൽ കാർഡ് ഇല്ലാത്ത 124 പേരിൽ 117 പേർക്ക് വിതരണം ചെയ്തു. 126 ആധാർ കാർഡ് ഇല്ലാത്തവരെ കണ്ടെത്തി 117 പേർക്ക് ലഭ്യമാക്കി. റേഷൻ കാർഡ് 104 പേരിൽ 98 പേർക്ക് വിതരണം ചെയ്തു. സാമൂഹ്യ സുരക്ഷാ പെൻഷൻ 30 പേർക്ക് വിതരണം ചെയ്തു. തൊഴിൽ കാർഡ് 34 പേർക്ക് വിതരണം ചെയ്തു.
നാല് സ്കൂൾ കെട്ടിടം പൂർത്തിയായി
വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി വിദ്യാകിരണം പദ്ധതി പ്രകാരം ജില്ലയിൽ കിഫ്ബിയിൽ അഞ്ചു കോടി രൂപ വിനിയോഗിച്ച് പ്രഖ്യാപിച്ച അഞ്ച് കെട്ടിടങ്ങളിൽ നാലെണ്ണത്തിന്റെ നിർമാണം പൂർത്തിയായി. ഒരു സ്കൂളിന്റെ നിർമാണം 80 ശതമാനം പൂർത്തിയായി. മൂന്നു കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള 12 കെട്ടിടങ്ങളിൽ രണ്ടെണ്ണം പൂർത്തിയായി. എട്ടെണ്ണത്തിന്റെ നിർമാണം നടന്നുവരികയാണ്. നിർമാണം പൂർത്തിയാകാനുള്ളവ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.
ലൈഫ് മിഷനിൽ 2027 വീടുകൾ
പൂർത്തിയായി
ലൈഫ് മിഷൻ പദ്ധതിയിൽ 2022-23 വർഷത്തിൽ പട്ടികയിലുള്ള 9165 വീടുകളിൽ 2027 വീടുകൾ പൂർത്തീകരിച്ചു. 7936 വീടുകളിൽ 2267 വീടുകൾ കരാറിലേർപ്പെട്ടിട്ടുണ്ട്. ഇതിൽ 959 വീടുകൾ പൂർത്തീകരിച്ചു. 1308 എണ്ണം നിർമാണഘട്ടത്തിലാണ്.
ആർദ്രം മിഷനിലുൾപ്പെടുത്തി ജില്ലയിലെ 26 സ്ഥാപനങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി. ബ്ലോക്ക് ലെവൽ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തുന്ന ഏഴ് സാമൂഹ്യാരോഗ്യകേന്ദ്രങ്ങളുടെയും ഒപി പരിവർത്തനത്തിനായി തെരഞ്ഞെടുത്ത നാല് മേജർ ആശുപത്രികളുടെയും നിർമാണം പുരോഗമിക്കുകയാണ്.
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി 2,41,121 കണക്ഷനുകൾക്ക് പുതുതായി ഭരണാനുമതി ലഭിച്ചു. 95,492 വാട്ടർ കണക്ഷനുകൾ നിലവിലുണ്ട്. 1,84,142 വാട്ടർ കണക്ഷനുകൾ ഉടൻ നൽകും. രണ്ടു പഞ്ചായത്തുകളിലായി 24.25 സെന്റ് സ്വകാര്യഭൂമിയും ആറു പഞ്ചായത്തുകളിലായി 107.8 സെന്റ് സർക്കാർ ഭൂമിയും ആവശ്യമുണ്ട്. വിവിധ ഏജൻസികളുടെ അനുമതി ആവശ്യമായ 121 എണ്ണവും വനംവകുപ്പിന്റെ അനുമതി ആവശ്യമായ ഏഴെണ്ണവും ഇതിലുൾപ്പെടും.
മാലിന്യമുക്ത നവകേരളം പദ്ധതിയിൽ ജില്ലയിൽ 58 എംസിഎഫുകളും 660 മിനി എംസിഎഫുകളും പ്രവർത്തിക്കുന്നുണ്ട്. 2373 ഹരിതകർമസേനയുടെ സേവനവും ലഭ്യമാണ്. പശ്ചിമഘട്ട നീർച്ചാലുകളുടെ മാപ്പിംഗ് നടപ്പാക്കേണ്ട 49 പഞ്ചായത്തുകളിൽ 22 പഞ്ചായത്തിലും പൂർത്തിയായി. ജില്ലയിൽ 16 ഏക്കർ വിസ്തൃതിയിൽ 54 പച്ചത്തുരുത്തുകളുണ്ട്.
എൻഎച്ച് -85ന് 1208.3 കോടി
ജില്ലയിലെ നിലവിലുള്ള എൻഎച്ച് 85ന്റെ വീതി കൂട്ടലിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. 150.66 കിലോമീറ്റർ ആണ് ആകെ നീളം. 1208.3 കോടിയുടെ പദ്ധതിയാണിത്. 2025 ജൂണിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ജില്ലയിലൂടെ കടന്നു പോകുന്ന മലയോര ഹൈവേ മുണ്ടക്കയത്ത് നിന്നും ആരംഭിച്ച് ആറാം മൈലിൽ അവസാനിക്കും. 155.747 കിലോമീറ്ററാണ് നീളം. ഇതിൽ ആറാം മൈൽ മുതൽ ഇരുട്ടിക്കാനം, കുട്ടിക്കാനം മുതൽ മുണ്ടക്കയം റീച്ചുകൾ എൻഎച്ച് മുഖേനയും വലിയ മുളക്കാനം മുതൽ മൈലാടുംപാറ വരെയുള്ള ഭാഗം കെഎസ്ടിപി, ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തി നിർവഹിച്ചതിനാലും പദ്ധതിയുടെ നീളം 90 കിലോമീറ്ററാണ്.
ഇതിൽ ചപ്പാത്ത് മുതൽ കുട്ടിക്കാനം വരെയുള്ള 19 കിലോമീറ്റർ പദ്ധതി പൂർത്തീകരിച്ചു. ബാക്കിയുള്ളവയിൽ രണ്ട് റീച്ചുകളിലെ പ്രവർത്തികൾ പുരോഗമിക്കുന്നു. രണ്ടു റീച്ചുകളിൽ ഭൂമി വിട്ടു കിട്ടുന്ന നടപടികളാണ് നടക്കുന്നത്. ഭൂമി ഏറ്റെടുക്കുന്ന മുറയ്ക്ക് സാങ്കേതികാനുമതി നൽകി ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണം ആരംഭിക്കും.
യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, ചീഫ് സെക്രട്ടറി , അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, വകുപ്പ് സെക്രട്ടറിമാർ, ജില്ലാ കളക്ടർമാർ, ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാതല വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.