ഏലത്തോട്ടത്തില്‍നിന്ന് ഏലക്കാ മോഷ്ടിച്ച യുവാക്കൾ പിടിയിൽ
1340228
Wednesday, October 4, 2023 11:07 PM IST
നെടുങ്കണ്ടം: പാമ്പാടുംപാറയിലെ ഏലത്തോട്ടത്തില്‍നിന്നു സ്ഥിരമായി ഏലക്കാ മോഷണം നടത്തിവന്നിരുന്ന യുവാക്കളെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടുംപാറ ആദിയാര്‍പുരം സ്വദേശികളായ മഠത്തിനാല്‍ ആഷ്ലി (23), പുതുപ്പറമ്പില്‍ അഭിജിത്ത് (23), കൊരണ്ടിച്ചേരില് വിഷ്ണു(23) എന്നിവരാണ് പിടിയിലായത്. പാമ്പാടുംപാറ സ്വദേശി വിന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ള പത്ത് ഏക്കര്‍ ഏലത്തോട്ടത്തില്‍നിന്നു നാളുകളായി ഏലക്കാ മോഷണം പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിനിടെ ഞായറാഴ്ച ഉച്ചയോടെ തോട്ടത്തില്‍നിന്നു ഏലക്കാ മോഷ്ടിക്കുകയായിരുന്ന മൂന്നു യുവാക്കളെ വിന്‍സെന്റും പിതാവും കണ്ടെത്തി. തോട്ടം ഉടമയെ കണ്ടതോടെ മോഷ്ടിച്ച ഏലക്കയുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആഷ്ലിയെ വിന്‍സെന്റിന്റെ പിതാവ് പിടികൂടി. ബലപ്രയോഗത്തിനിടെ വാക്കത്തികൊണ്ട് ആഷ്ലിയുടെ കൈവിരല്‍ മുറിഞ്ഞു. തുടര്‍ന്ന് ഇദ്ദേഹത്തെ തള്ളിയിട്ട് ആഷ്ലി ഓടി രക്ഷപ്പെട്ടു.
സംഭവം അറിഞ്ഞ് നെടുങ്കണ്ടം സിഐ ജെര്‍ലിന്‍ വി. സ്കറിയയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. നെടുങ്കണ്ടം മേഖലയിലെ ആശുപത്രികളില്‍ കൈമുറിഞ്ഞ് ചികിത്സ തേടി എത്തിയവരെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍നിന്ന് ആഷ്ലിയെ പിടികൂടുകയായിരുന്നു. ആഷ്ലിയെ ചോദ്യം ചെയ്തതിലൂടെ കൂട്ടുപ്രതികളായ അഭിജിത്ത്, വിഷ്ണു എന്നിവരെയും പോലീസ് പിടികൂടി. പാമ്പാടുംപാറയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.