എസ്എസ്എൽസി പരീക്ഷ: ഒരുക്കങ്ങൾ പൂർത്തിയായി
1396058
Wednesday, February 28, 2024 2:47 AM IST
തൊടുപുഴ: മാർച്ച് നാലു മുതൽ 25വരെ നടക്കുന്ന എസ്എസ്എൽസി പൊതുപരീക്ഷയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. ഇത്തവണ 6,064 ആണ്‍കുട്ടികളും 5,498 പെണ്‍കുട്ടികളും ഉൾപ്പെടെ 11,562 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. എസ്സി വിഭാഗത്തിൽനിന്ന് 1,567 കുട്ടികളും എസ്ടി വിഭാഗത്തിൽ നിന്ന് 590 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്.
സർക്കാർ സ്കൂളുകളിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഇത്തവണയും കല്ലാർ ഗവ. എച്ച്എസ്എസാണ് മുന്നിൽ. 354 വിദ്യാർഥികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. കുറവ് കുട്ടികൾ എഴുകുംവയൽ ഗവ. ഹൈസ്കൂളിലാണ്. രണ്ടു വിദ്യാർഥികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്.
എയ്ഡഡ് സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് കരിമണ്ണൂർ എസ്ജെഎച്ച്എസിലാണ്. 378 വിദ്യാർഥികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. കുറവ് മുക്കുളം എസ്ജിഎച്ച്എസിലാണ്. രണ്ടു വിദ്യാർഥികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിച്ച് 26ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ.
ചോദ്യപേപ്പറുകളുടെ തരംതിരിക്കൽ രണ്ടു ദിവസത്തിനകം പൂർത്തിയാകുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. തരംതിരിക്കൽ പൂർത്തിയായാൽ ജില്ലാ ട്രഷറി, സബ് ട്രഷറികൾ, ബാങ്കുകൾ എന്നീ ക്ലസ്റ്ററുകളിലാണ് ചോദ്യപേപ്പറുകൾ സൂക്ഷിക്കുക. തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ 17 ക്ലസ്റ്ററുകളും കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ 29 ക്ലസ്റ്ററുകളുമാണുള്ളത്.