കാട്ടുപന്നിക്കൂട്ടം തട്ടി സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്ക്കു പരിക്ക്
1396381
Thursday, February 29, 2024 6:43 AM IST
രാജാക്കാട്: ബൈസൺവാലിക്കു സമീപം റോഡിലിറങ്ങിയ കാട്ടുപന്നിക്കൂട്ടം തട്ടി സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.ആനച്ചാൽ ഗോപാലകൃഷ്ണ ഭവനിൽ നന്ദകുമാറിന്റെ ഭാര്യ ധന്യ(38)യ്ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ ബൈസൺവാലിയിലുള്ള ബന്ധുവീട്ടിലേക്ക് ധന്യ സ്കൂട്ടറിൽ പോകുമ്പോഴാണ് അപകടം സംഭവിച്ചത്. പത്തോളം കാട്ടുപന്നികൾ റോഡിലൂടെ വിരണ്ടോടുന്നതിനിടെ ധന്യ ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ മറിഞ്ഞ് നിലത്തുവീണ ധന്യയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു.
അബോധാവസ്ഥയിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ധന്യയെ പരിക്ക് ഗുരുതരമായതിനാൽ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.