ചെറുതോണി പുഴയോര സംരക്ഷണത്തിനു 13.50 കോടി
1396582
Friday, March 1, 2024 3:28 AM IST
ഇടുക്കി: ചെറുതോണിയിലെ പുഴയോര സംരക്ഷണത്തിനായി 13.50 കോടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഇടുക്കി, ചെറുതോണി ഡാമുകൾ തുറന്നുവിട്ടതിനെത്തുടർന്നും പ്രളയത്തെത്തുടർന്നും വൻ തോതിൽ കരയിടിഞ്ഞ് അപകടാവസ്ഥയിലായ ചെറുതോണി പുഴയുടെ ടൗണ്‍ ഭാഗത്താണ് സംരക്ഷണഭിത്തി നിർമിക്കുന്നത്.
പ്രളയ സമയത്ത് പുഴ കരകവിഞ്ഞൊഴുകിയതിനെത്തുടർന്നു നിരവധി കടകൾ വെള്ളത്തിൽ ഒലിച്ചുപോവുകയും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. നിരവധി കെട്ടിടങ്ങളുടെ അടിത്തറയ്ക്ക് ബലക്ഷയം സംഭവിച്ചിരുന്നു. ചെറുതോണി പാലത്തിനു പകരമായി പുതിയ പാലം നിർമിച്ചെങ്കിലും പുഴയോരത്തുള്ള കെട്ടിടങ്ങളോടു ചേർന്നുള്ള ഭാഗവും വീടുകളും അപകടഭീഷണിയിൽ തുടരുകയാണ്. പുഴയുടെ വീതി കൂടിയ ഭാഗമായതിനാൽ ത്രിതല പഞ്ചായത്തുകൾക്കു പുനർ നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.
തുടർന്നാണ് ജലവിഭവ വകുപ്പു മുഖേന സംരക്ഷണഭിത്തി നിർമിക്കുന്നതിനു നടപടി സ്വീകരിച്ചത്. ഇതോടൊപ്പം ചെറുതോണി പുഴയുടെ താഴ്ഭാഗത്ത് വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തകർന്നു പോയ നടപ്പാലം പുനർ നിർമിക്കാനും തീരുമാനമായി. നിരവധി യാത്രക്കാർ പ്രധാന റോഡിൽനിന്നു മരിയാപുരം പഞ്ചായത്തിലെ കുതിരക്കല്ല്, ഇടുക്കി ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന പാലമാണിത്.
സ്കൂൾ വിദ്യാർഥികൾക്ക് ഏറെ ആശ്രയമായിരുന്ന പാലം പുനർ നിർമിക്കുന്നതോടെ ചെറു വാഹനങ്ങൾക്ക് ഉൾപ്പെടെ പുഴ കടക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.