വന്യമൃഗശല്യം: മുഖ്യമന്ത്രി നിസംഗത വെടിയണമെന്ന് കേരള കര്‍ഷക യൂണിയന്
1396589
Friday, March 1, 2024 3:41 AM IST
ചെറുതോണി: സംസ്ഥാന വ്യാപകമായി കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടും മനുഷ്യജീവനുകള്‍ അപഹരിച്ചിട്ടും മുഖ്യമന്ത്രിയും വനംവകുപ്പ് മന്ത്രിയും കാണിക്കുന്ന നിസംഗമനോഭാവത്തില് കേരള കര്‍ഷക യൂണിയന് പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ നിസംഗത അവസാനിപ്പിക്കണമെന്നും വനംവകുപ്പ് മന്ത്രി രാജി വയ്ക്കണമെന്നും കേരള കര്‍ഷക യൂണിയന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച സുരേഷ്കുമാറിന്റെ വേര്‍പാടില്‍ കര്‍ഷക യൂണിയന് ദുഃഖം രേഖപ്പെടുത്തി. മൂന്നാറില്‍ എത്ര ആനകള്‍ ഉണ്ടെന്നും ആനകള്‍ സഞ്ചരിക്കുന്ന വഴികള്‍ ഏതാണെന്നും നിരീക്ഷിക്കാന്‍പോലും വനം വകുപ്പിനു കഴിയുന്നില്ലെന്ന് കര്‍ഷക യൂണിയന് ആരോപിച്ചു.
വന്യജീവികള്‍ക്ക് വനത്തിനുള്ളില്‍ വസിക്കുന്നതിനാവശ്യമായ സാഹചര്യങ്ങളൊരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൃഷി നശിപ്പിക്കുന്ന, മനുഷ്യനെ ഉപദ്രവിക്കുന്ന പന്നിക്കൂട്ടത്തെ ഇല്ലായ്മ ചെയ്യാന്‍ കര്‍ഷകര്‍ക്ക് അനുവാദം നല്കുന്നതിനു പകരം പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ പറയുന്ന സര്‍ക്കാര്‍ നിലപാട് കര്‍ഷക വിരുദ്ധമാണ്.
കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും കൃഷിഭൂമിയില്‍ അധ്വാനിക്കാനോ കുട്ടികള്‍ക്ക് സ്കൂളുകളില്‍ പോകാനോ കഴിയാത്ത ഗുരുതരമായ സാഹചര്യമാണ് മലയോര മേഖലയിൽ നിലവിലുള്ളത്.
മരണം മുന്നില്‍ക്കണ്ട് ഭയപ്പെട്ട് ജീവിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുമ്പോള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടി വരുന്ന ജനങ്ങള്‍ക്കെതിരേ കേസെടുത്ത് മാനസികമായി പീഡിപ്പിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്.
മാങ്കുളം, സിങ്കുകണ്ടം, മറയൂര്‍, വണ്ടിപ്പെരിയാര്‍, പീരുമേട്, മുള്ളരിങ്ങാട് മേഖലകളിലെ ജനങ്ങള്‍ക്കെതിരേ വനംവകുപ്പ് എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്നും കര്‍ഷകയൂണിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സംസ്ഥാന വ്യാപകമായി ജനങ്ങള്‍ നടത്തുന്ന സമരങ്ങള്‍ക്കും ഡീന്‍ കുര്യാക്കോസ് എംപി മൂന്നാറില്‍ ആരംഭിച്ചിട്ടുള്ള സമരത്തിനും കര്‍ഷക യൂണിയന് പിന്തുണ പ്രഖ്യാപിച്ചു.
പത്രസമ്മേളനത്തില്‍ കര്‍ഷകയൂണിയൻ ജില്ലാ പ്രസിഡന്റ് ബിനു ജോണ്‍ ഇലവുംമൂട്ടില്‍, സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി തെങ്ങുംപള്ളി, സംസ്ഥാന കമ്മിറ്റി അംഗം പി.ജി. പ്രകാശന്, വനിത കോണ്‍ഗ്രസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് സെലിന് വിന്‍സെന്റ്, കേരള കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് ഷിജോ ഞവരക്കാട്ട് എന്നിവര്‍ പങ്കെടുത്തു.