ജൽജീവൻ പദ്ധതിയുടെ പൈപ്പുകൾക്ക് തീപിടിച്ചു
1396783
Saturday, March 2, 2024 2:58 AM IST
രാജകുമാരി: ശാന്തൻപാറ പൂപ്പാറ വില്ലേജ് ഓഫീസിനു സമീപം പൂപ്പാറ ഗവണ്മെന്റ് കോളജിന് കൈമാറിയ സ്ഥലത്ത് സൂക്ഷിച്ചിരുന്ന ജൽജീവൻ പദ്ധതിയുടെ പൈപ്പുകൾക്ക് തീപിടിച്ചു. വൈകുന്നേരം അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ പൈപ്പുകളാണ് അവിടെ സൂക്ഷിച്ചിരുന്നത്. തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു.
സമീപത്തുള്ള കൃഷിയിടങ്ങളിലേക്ക് തീ പടർന്നതോടെ ജനങ്ങൾ മുന്നിട്ടിറങ്ങി അണച്ചു. പൈപ്പുകൾ കൂട്ടിയിട്ടിരുന്ന മേഖലയിൽ വലിയതോതിൽ തീ പടരുകയായിരുന്നു.
ശാന്തൻപാറ രാജകുമാരി, സേനാപതി പഞ്ചായത്തുകളിൽ ആകെ കറുത്ത പുകയും ഗന്ധവും നിറഞ്ഞു. വിവിധ പ്രദേശങ്ങളിൽനിന്നുള്ള ഫയർഫോഴ്സുകളുടെ നേതൃത്വത്തിലും നാട്ടുകാരുടെ നേതൃത്വത്തിലുമാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. അഗ്നിബാധ എങ്ങനെ ഉണ്ടായി എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.