റോഡിന്റെ സംരക്ഷണഭിത്തി തകർന്നു; യാത്ര ദുഷ്കരം
1396791
Saturday, March 2, 2024 3:09 AM IST
തൊടുപുഴ: കാരിക്കോട്- ആനക്കയം റൂട്ടിൽ അട്ടക്കളം വളവിൽ റോഡിന്റെ സംരക്ഷണഭിത്തി തകർന്നതോടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമായി. സംരക്ഷഭിത്തി തകർന്നതോടെ വാഹനങ്ങൾ ഒരുവശം ചേർന്നാണ് കടന്നുപോകുന്നത്. വിവിധ പാറമടകളിൽനിന്നുള്ള ഭാര വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്.
ഭാരവാഹനങ്ങൾ അമിത ലോഡുമായി പ്രതിദിനം സഞ്ചരിക്കുന്നതുമൂലമാണ് റോഡിന്റെ സംരക്ഷണഭിത്തി തകർന്നതെന്നു നാട്ടുകാർ പറയുന്നു. ഇതിനെതിരേ നിരവധി സമരങ്ങൾ നടത്തിയിട്ടും റോഡ് അറ്റകുറ്റപണി നടത്തുന്ന കാര്യത്തിൽ പിഡബ്ല്യുഡി അധികൃതരും ജനപ്രതിനിധികളും ഒരുനടപടിയും സ്വീകരിച്ചിട്ടില്ല.
ആനക്കയം, അഞ്ചിരി, ഇഞ്ചിയാനി, തെക്കുംഭാഗം തുടങ്ങിയ മേഖലകളിലുള്ളവർക്ക് തൊടുപുഴയുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയമാണ് ഈറോഡ്. സംരക്ഷണഭിത്തി തകർന്നതോടെ സ്കൂൾ വാഹനങ്ങളും മറ്റു സ്വകാര്യ വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നത് ഏറെ ബുദ്ധിമുട്ടിയാണ്.
ഇരുചക്രവാഹനയാത്രികരും കാൽനടയാത്രക്കാരും ഏറെ സമയം കാത്തുനിന്നിട്ടാണ് ഇതുവഴി സഞ്ചരിക്കുന്നത്. അടിയന്തരമായി സംരക്ഷണഭിത്തി പുനർനിർമിച്ച് റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ഉപരോധ സമരം ഉൾപ്പെടെ ആരംഭിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പു നൽകി.