റേഷന്‍ വ്യാപാരികള്‍ ഏഴിന് കടകള്‍ അടച്ച് സമരം നടത്തും
1396932
Sunday, March 3, 2024 2:57 AM IST
നെടുങ്കണ്ടം: റേഷന്‍ കടകള്‍ ഏഴിന് അടച്ചിട്ട് കളക്ടേറ്റിനു മുമ്പില്‍ ധര്‍ണാ സമരം നടത്തുമെന്ന് ഇടുക്കി ജില്ലാ റേഷന്‍ വ്യാപാരി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഭക്ഷ്യവകുപ്പ് മന്ത്രിയുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം.
ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്, കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്, കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്, കേരള റേഷന്‍ എംപ്ലോയീസ് യൂണിയന് എന്നിവരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.
റേഷന്‍ വ്യാപാരികളുടെ കമ്മീഷന് സമ്പ്രദായം മാറ്റി അടിസ്ഥാന ശമ്പളം പുനഃക്രമീകരിക്കുക, ക്ഷേമനിധി അപാകതകള്‍ പരിഹരിക്കുക, കെടിപിഡിഎസ് ആക്ടിലെ അപാകതകള്‍ പരിഹരിക്കുക, കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്ന ഭാരത് അരി റേഷന്‍ കടകള്‍ വഴി വിതരണം നടത്തുക, കേന്ദ്രം വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനഃസ്ഥാപിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് വ്യാപാരികള്‍ ഉന്നയിക്കുന്നത്.
യോഗത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ.ഡി. വര്‍ഗീസ്, എ.വി. ജോര്‍ജ്, എം. മണി, സോണി കൈതാരം, പി.ഇ. മുഹമ്മദ് ബഷീര്‍, കെ.സി. സോമന്, സജീവന്, അബ്ദുള്‍ നിയാസ്, തോമസുകുട്ടി, സണ്ണി സേവ്യര്‍, അസൈനാര്‍, ഡൊമിനിക്ക്, പി.എ. അബദുള്‍ റഷീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.