വയോധികന്റെ മരണം : പോലീസ് നിരീക്ഷണത്തിൽ കഴിഞ്ഞ വീട്ടമ്മയെ വിട്ടയച്ചു
1416863
Wednesday, April 17, 2024 3:09 AM IST
വണ്ണപ്പുറം: വഴിത്തർക്കത്തിനിടെയുണ്ടായ പിടിവിലിക്കിടയിൽ താഴെ വീണ് വയോധികൻ മരിച്ച സംഭവത്തിൽ പോലീസ് നിരീക്ഷണത്തിൽ കഴിഞ്ഞ വീട്ടമ്മയെ മകൾക്കൊപ്പം അയച്ചു. മുള്ളരിങ്ങാട് മന്പാറ പോങ്ങംകോളനി പുത്തൻപുരയ്ക്കൽ സുരേന്ദ്രൻ (73) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തിൽ പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ കഴിഞ്ഞ കല്ലുങ്കൽ ദേവകി (60)യെ ആണ് വിട്ടയച്ചത്.
കഴിഞ്ഞ 10ന് രാവിലെ ചായക്കടയിൽ പോയി ഭക്ഷണം കഴിച്ച് ഓട്ടോയ്ക്ക് തിരികെ വീട്ടിലേയ്ക്ക് പോകുന്പോഴാണ് സുരേന്ദ്രനും അയൽവാസിയായ ദേവകിയുമായി വഴിയെച്ചൊല്ലി വാക്കേറ്റമുണ്ടായത്. ഇരുവരും തമ്മിലുണ്ടായ പിടിവലിക്കിടയിൽ സുരേന്ദ്രൻ താഴെ വീഴുകയായിരുന്നു. ദേവകിയും നിലത്തു വീണെങ്കിലും ഇവർ പിന്നീട് എഴുന്നേറ്റു പോയി.
തുടർന്ന് കാളിയാർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയാണ് ദേവകിയെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിൽ ദേവകി പോലീസ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
എന്നാൽ സുരേന്ദ്രന്റെ മരണം സൂര്യാതപം മൂലമാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് ദേവകിയെ വിട്ടയച്ചത്.