പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശം: അഭിപ്രായം തേടി സർക്കാർ സർക്കുലർ
1417104
Thursday, April 18, 2024 3:47 AM IST
ഉപ്പുതറ( ഇടുക്കി): കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശം നിശ്ചയിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായം തേടി സർക്കാർ സർക്കുലർ അയച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർമാർ (ആലപ്പുഴ, കാസർഗോഡ് ഒഴികെ) മുഖേന ചീഫ് സെക്രട്ടറിയാണ് അഭിപ്രായം തേടിയിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വ്യതിയാന വകുപ്പു തയാറാക്കിയ കരട് റിപ്പോർട്ടിൽ തദ്ദേശ സ്ഥാപനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ച് ഒരു മാസത്തിനുള്ളിൽ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന് നൽകണം.
പശ്ചിമ ഘട്ടത്തിലെ 59940 ചതുരശ്ര കിലോമീറ്റർ (37 ശതമാനം) സ്ഥലം പരിസ്ഥിതി ലോല പ്രദേശമായി നിശ്ചയിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരട് റിപ്പോർട്ട് ഇറക്കിയിരുന്നു. ഇതിൽ കേരളത്തിലെ 123 വില്ലേജുകളിലായി 13108ചതുരശ്ര കിലോമീറ്റർ സ്ഥലം ഉൾപ്പെട്ടിരുന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉണ്ടായതോടെ അപാകങ്ങൾ കണ്ടെത്താൻ സംസ്ഥാന സർക്കാർ ഉമ്മൻ വി. ഉമ്മൻ അധ്യക്ഷനായി മൂന്നംഗ കമ്മീഷനെ നിയോഗിച്ചു.
കമ്മീഷൻ നടത്തിയ വിശദമായ പരിശോധനയിൽ 123 വില്ലേജുകളിലായി 9993.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല പ്രാദേശമുണ്ടെന്ന് റിപ്പോർട്ട് നൽകി. വിവിധ ശിപാർശകൾക്കൊപ്പം സംസ്ഥാന സർക്കാർ നൽകിയ ഉമ്മൻ വി. ഉമ്മൻ കമ്മീഷൻ റിപ്പോർട്ട് കേന്ദ്രം അംഗീകരിച്ചു.
അതിനിടെ ജൈവ വൈവിധ്യ ബോർഡിന്റെ നിർദേശ പ്രകാരം ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല സമതി രൂപവത്കരിച്ചു. പുനർ നിർണയിച്ചതുൾപ്പെടെ 98 വില്ലേജുകളിലായി 8711 . 87 ചതുരശ്ര കിലോമിറ്റർ പരിസ്ഥിതി ലോല പ്രദേശമേയുള്ളൂവെന്നും കണ്ടെത്തി. ഇതു സംബന്ധിച്ച് വ്യക്തമായ നടപടി എങ്ങുനിന്നും ഉണ്ടായിട്ടില്ല.
അതിനിടെയാണ് കേന്ദ്ര പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാന വകുപ്പ് മാറ്റാരു റിപ്പോർട്ട് തയാറാക്കി സംസ്ഥാനത്തിന്റെ വിശദീകരണം തേടിയത്. തുടർന്നാണ് കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ റിപ്പോർട്ടിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളുടെ അഭിപ്രായം സർക്കാർ തേടിയിരിക്കുന്നത്.
റിപ്പോർട്ട് തയ്യാറാക്കുന്നതിന് സാങ്കേതിക സഹായം ആവശ്യമെങ്കിൽ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടറേറ്റിലെ സാങ്കേതിക പരിജ്ഞാനം ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.