ഇവിടെ നാട്ടുകാർക്ക് ദുരിതയാത്ര: ചെപ്പുകുളം - മൂലേക്കാട് റോഡ് പാതിവഴിയിൽ
1417271
Friday, April 19, 2024 12:42 AM IST
ഉടുന്പന്നൂർ: നിർമാണം പൂർത്തിയാകാത്ത ചെപ്പുകുളം സിഎസ്ഐ പള്ളി - മൂലേക്കാട് റോഡിൽ നാട്ടുകാർക്ക് ദുരിത യാത്ര. 750 മീറ്റർ ദൂരം നിർമാണം പൂർത്തിയായാൽ ചെപ്പുകുളം - മൂലേക്കാട് റോഡ് ഗതാഗത യോഗ്യമാകും.
ചെപ്പുകുളം സിഎസ്ഐ പള്ളി കഴിഞ്ഞ് ഏതാനും ദൂരം പൊതുമരാമത്ത് റോഡാണ്. ഇവിടം വരെ ബസ് സർവീസും നടത്തുന്നുണ്ട്. തുടർന്ന് ഉപ്പുകുന്ന് മൂലേക്കാട് വരെയുള്ള രണ്ട് കിലോമീറ്റർ ദൂരം പഞ്ചായത്ത് റോഡാണ്. ഇതിൽ ചില ഭാഗങ്ങളിൽ കോണ്ക്രീറ്റ് ചെയ്തിട്ടുണ്ട്. ബാക്കി ഭാഗം മണ് റോഡായി കിടക്കുകയാണ്. മഴ പെയ്താൽ റോഡ് ചെളിക്കുണ്ടാകും.
പല ഭാഗങ്ങളിലായാണ് 750 മീറ്ററോളം ഇനി പൂർത്തിയാകാനുള്ളത്. വർഷങ്ങളായിട്ടും റോഡ് നിർമാണം പൂർത്തീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. രണ്ടു കിലോമീറ്റർ ദൂരം റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറി വിതികൂട്ടി മികച്ച നിലവാരത്തിൽ നിർമിച്ചാൽ തൊടുപുഴയിൽനിന്നും കരിമണ്ണൂർ , ചെപ്പുകുളം സിഎസ്ഐപള്ളി,
മൂലേക്കാട്, റേഷൻ കടപ്പടി, പെരിങ്ങാശേരി, ചീനിക്കുഴി, ഉടുന്പന്നൂർ വഴി തിരികെ കരിമണ്ണൂർ വഴി തൊടുപുഴയ്ക്ക് ബസ് സർവീസ് ആരംഭിക്കാൻ കഴിയും. ഇത് ഉടുന്പന്നൂർ പഞ്ചായത്തിലെ വിദൂര ഗ്രാമങ്ങളിലൂടെ നൂറുകണക്കിന് ജനങ്ങൾക്ക് പ്രയോജനകരമാകും.