കെഎ​സ്ആ​ർ​ടി​സി ബസിനു മു​ന്നി​ൽ അ​ഭ്യാ​സം: യു​വാ​വി​ന്‍റെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു
Thursday, May 23, 2024 3:53 AM IST
ഇ​ടു​ക്കി: കെഎ​സ്ആ​ർ​ടി​സി​ക്കു മു​ന്നി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കി ബൈ​ക്കി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ യു​വാ​വി​ന്‍റെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. കു​മ​ളി സ്വ​ദേ​ശി നി​തി​ന്‍റെ (27) ലൈ​സ​ൻ​സാ​ണ് ഇ​ടു​ക്കി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ കെ.​കെ. രാ​ജീ​വ് മൂ​ന്നു​മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

കൊ​ല്ല​ത്തുനി​ന്നു കു​മ​ളി​ക്ക് വ​രി​ക​യാ​യി​രു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സി​നു മു​ന്നി​ലാ​യി​രു​ന്നു യു​വാ​വി​ന്‍റെ ബൈ​ക്കി​ലെ അ​ഭ്യാ​സ പ്ര​ക​ട​നം. ഹോ​ളി​ഡേ ഹോം ​റി​സോ​ർ​ട്ട് പ​രി​സ​ര​ത്തുവ​ച്ച് ഓ​വ​ർ​ടേ​ക്ക് ചെ​യ്ത് മു​ന്നി​ൽ ക​യ​റു​ക​യും ബ​സി​ന് ക​ട​ന്നു​പോ​കാ​ൻ പ​റ്റാ​ത്ത​വി​ധം സൈ​ഡ് കൊ​ടു​ക്കാ​തെ ഓ​ടി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഡ്രൈ​വ​റെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​കൊ​ണ്ട് മോ​ശ​മാ​യ ആം​ഗ്യ​ങ്ങ​ൾ കാ​ണി​ക്കു​ക​യും ചെ​യ്തു. ബ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടുണ്ടാ​ക്കി​യ​തി​ന്‍റെ പേ​രി​ലാ​ണ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. മ​ല​പ്പു​റം എ​ട​പ്പാ​ളി​ൽ ഡ്രൈ​വ​ർ ട്രെ​യിം​നിം​ഗ് ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി.