ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞു
1424558
Friday, May 24, 2024 3:42 AM IST
തൊടുപുഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്ന ജില്ലയിൽ തൊടുപുഴ ഉൾപ്പെടെയുള്ള ലോറേഞ്ച് മേഖലയിൽ ഇന്നലെ രാവിലെ കനത്ത മഴ ലഭിച്ചെങ്കിലും ഉച്ചയോടെ മിക്കയിടങ്ങളിലും മഴയുടെ ശക്തി കുറഞ്ഞു. വൃഷ്ടി പ്രദേശത്തുനിന്നുള്ള നീരൊഴുക്ക് വർധിച്ചതിനാൽ മലങ്കര ഡാമിൽ ജലനിരപ്പ് ഉയർന്നു.
ഹൈറേഞ്ച് മേഖലയിൽ താരതമ്യേന കുറഞ്ഞ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ഇടുക്കിയിൽ ശരാശരി 29.48 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പീരുമേട്ടിലാണ്. 44.5 മില്ലീ മീറ്റർ.
മഴക്കെടുതികളോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ ഉണ്ടായതായി റിപ്പോർട്ടുകളില്ല. ഇടുക്കി, മുല്ലപ്പെരിയാർ തുടങ്ങിയ പ്രധാന ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിലും മഴ ലഭിച്ചുവെങ്കിലും ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല.
മഴ ശക്തമാകുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാൽ രാത്രി യാത്ര, ടൂറിസം കേന്ദ്രങ്ങളിലെ സന്ദർശനം, ട്രക്കിംഗ്, ഖനന പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കുള്ള നിരോധനം തുടരുകയാണ്.