വില്ലേജ് ഓഫീസ് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധം
1425266
Monday, May 27, 2024 2:12 AM IST
രാജകുമാരി: വില്ലേജ് ഓഫീസ് രാജകുമാരി സൗത്ത് ടൗണിൽനിന്നും നടുമറ്റത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരേ സർവകക്ഷി യോഗം ചേർന്ന് പ്രമേയം പാസാക്കി. നാല് പതിറ്റാണ്ടോളമായി സൗത്ത് ടൗണിന് സമീപമാണ് രാജകുമാരി വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമിക്കാൻ നിലവിൽ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സൗകര്യമില്ലെന്നാണ് റവന്യൂ വകുപ്പിന്റെ വാദം.
സ്മാർട്ട് വില്ലേജ് ഓഫീസ് നിർമിക്കാൻ 10 സെന്റ് സ്ഥലം ആവശ്യമാണ്. എന്നാൽ, രാജകുമാരിയിലെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത് എട്ട് സെന്റ് ഭൂമിയിലാണ്. അതിനാൽ നാടുമറ്റത്തുള്ള റവന്യൂ ഭൂമിയിൽ വില്ലേജ് ഓഫീസ് നിർമിച്ച് പഴയ ഓഫീസ് ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സായി ഉപയോഗിക്കണമെന്നാണ് റവന്യൂ വകുപ്പ് ജില്ലാ ഭരണകൂടത്തിന് നൽകിയ റിപ്പോർട്ട് . ഇതനുസരിച്ച് നടുമറ്റത്ത് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമിക്കാൻ കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ ഉത്തരവിറങ്ങി.
എന്നാൽ, ജനപ്രതികളും പഞ്ചായത്തും അറിയാതെയാണ് ഇത്തരം ഒരു തീരുമാനം ഉണ്ടായത്. ഇതെത്തുടർന്ന്എതിർപ്പ് ശക്തമായതോടെ പഞ്ചായത്ത് മുൻകൈയെടുത്ത് സർവകക്ഷി യോഗം ചേരുകയായിരുന്നു.
വില്ലേജ് ഓഫീസ് മാറ്റാനുള്ള നീക്കം അനുവദിക്കില്ലെന്ന് യോഗത്തിൽ പങ്കെടുത്തവർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കഴിഞ്ഞാൽ ഉടൻ രാജകുമാരി പഞ്ചായത്തിനോട് ചേർന്ന് റവന്യു വകുപ്പിന് ഭൂമി അനുവദിക്കുന്നതിൽ നടപടി സ്വീകരിക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി.
ഇക്കാര്യം കളക്ടറെ നേരിൽ കണ്ട് ബോധ്യപ്പെടുത്താനും യോഗം തീരുമാനിച്ചു.
വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ രേഖകൾ പരിശോധിച്ച് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമിക്കാൻ സർക്കാർ നിഷ്കർഷിക്കുന്ന ഭൂമിയുണ്ടോ എന്ന് പരിശോധിക്കാനും സർവകക്ഷിയോഗം സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.