ബൈസൺവാലി കാക്കാകടയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു
1425502
Tuesday, May 28, 2024 6:27 AM IST
രാജാക്കാട്: ചെമ്മണ്ണാർ ഗ്യാപ് റോഡിൽ ബൈസൺവാലി കാക്കാകടയ്ക്കുസമീപം നിയന്ത്രണം നഷ്ടപ്പെട്ട ട്രാവലർ വീട്ടിലേക്ക് ഇടിച്ചുകയറി ട്രാവലർ യാത്രക്കാരനായ കർണാടക സ്വദേശി മരിച്ചു. ബംഗളൂരു സ്വദേശി ജീവൻ ഗൗഡ(34) ആണ് മരിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന നാല് കുട്ടികൾ ഉൾപ്പെടെ 11 പേർക്കു പരിക്കേറ്റു.ഞായറാഴ്ച രാത്രി 8:30 നാണ് അപകടം ഉണ്ടായത്.
മൂന്നാർ സന്ദർശിച്ച ശേഷം ഗ്യാപ് റോഡ് വഴി ബൈസൺവാലി ഭാഗത്തേക്ക് വരികയായിരുന്ന ട്രാവലർ ഗ്യാപ് റോഡിൽനിന്ന് ആറു കിലോമീറ്റർ അകലെ കാക്കാക്കടയിൽ നിയന്ത്രണം നഷ്ടപ്പെട്ട് പറയൻകുഴിയിൽ ശശിയുടെ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
വീടിന്റെ മുൻഭാഗം തകർത്ത് ഹാളിലേക്ക് കയറിയ ട്രാവലർ ഭിത്തിയിൽ ഇടിച്ചു നിന്നു. ട്രാവലറിന്റെ മുൻ സീറ്റിൽ ഇരുന്ന ജീവൻ ഗൗഡയുടെ നെഞ്ചിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു.
നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ ഗൗഡയുടെ ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ മറ്റ് 11 പേരെയും എറണാകുളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.വാഹനം വീടിനുള്ളിലേക്ക് ഇടിച്ചുകയറിയപ്പോൾ ഗൃഹനാഥനായ ശശി സുഹൃത്തുമായി അടുത്ത മുറിയിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് ഇവർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.
വാഹനത്തിന്റെ ഡ്രൈവർ ഉമേഷ്(24), കുസുമ (29),പുരവ് ഗൗഡ (14),ഹേമന്ത് വെങ്കിടേഷ് (41), ബാലാജി ഗൗഡ(17), കവാന (22), ഹിതേഷ്(10), ഹർഷിദ് (26), രശ്മി (37), തേജിത് (ഒന്പത്) എന്നിവർക്കാണ് പരിക്കേറ്റത്.
കൊടുംവളവും ഇറക്കവും നിറഞ്ഞ ഗ്യാപ് മുതൽ കാക്കാകട വരെയുള്ള ആറു കിലോമീറ്റർ റോഡിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 30 വാഹനാപകടങ്ങളാണ് ഉണ്ടായത്. ഒൻപത് ഇരുചക്രവാഹന യാത്രക്കാരാണ് വിവിധ അപകടങ്ങളിൽ മരിച്ചത്.