ആരാധനാലയങ്ങളിൽ മോഷണം വർധിക്കുന്നു
1425513
Tuesday, May 28, 2024 6:27 AM IST
തൊടുപുഴ: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം വർധിക്കുന്നു. കഴിഞ്ഞ ദിവസം പടി കോടിക്കുളം, ഞാറക്കാട്, പാറപ്പുഴ, പോത്താനിക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ അന്പലങ്ങളിലെ ഭണ്ഡാരം ഉൾപ്പെടെ കുത്തിത്തുറന്ന് പണം അപഹരിച്ചു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. മാസ്ക് ഉപയോഗിച്ച് മുഖം മറച്ചും വിരലടയാളം പതിയാതിരിക്കാൻ കൈയ്യുറയും ധരിച്ചാണ് മോഷ്ടാക്കളെത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
നാലുപേരുടെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. കനത്തമഴയും വൈദ്യുതി തടസവും മോഷ്ടാക്കൾക്ക് തുണയാകുകയാണ്. പുരയിടങ്ങളിൽനിന്നു കാർഷികവിളകളുടെ മോഷണവും സമീപനാളിൽ വർധിച്ചിട്ടുണ്ട്. ഇതെത്തുടർന്ന് മഴക്കാലത്തോടനുബന്ധിച്ച് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.