വെള്ളിലാംകണ്ടം കുഴൽപ്പാലത്തിന്റെ നിർമാണം വെട്ടിച്ചുരുക്കുന്നു
1429179
Friday, June 14, 2024 3:29 AM IST
ഉപ്പുതറ: വെള്ളിലാംകണ്ടം കുഴൽപ്പാലത്തിന്റെ നവീകരണം പകുതിയായി വെട്ടിച്ചുരുക്കുന്നു. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാനപാത മലയോര ഹൈവേയുടെ ഭാഗമായതോടെ റോഡിന് കൂടുതൽ വീതി ആവശ്യമായി വന്നു. തുടർന്ന് ഇരുവശവും റോഡുനിരപ്പുവരെ കെട്ടി ഉയർത്തി 18.5 മീറ്റർ വീതിയാക്കാനായിരുന്നു തീരുമാനം.
ഇരുവശങ്ങളിലും കൈവരിയോടുകൂടിയ നടപ്പാതയും വിഭാവന ചെയ്തിരുന്നു. മൂന്നരക്കോടി രൂപയായിരുന്നു എസ്റ്റിമേറ്റ്. എന്നാൽ, ചെലവ് ഒന്നര കോടിയായി വെട്ടിച്ചുരുക്കി ഇടുക്കി പദ്ധതിയുടെ പരമാവധി ജലനിരപ്പ് വരെ (വാട്ടർ ലെവൽ) കെട്ടി ഉയർത്താനും ബാക്കിഭാഗം ഇരുവശവും മണ്ണിടാനുമാണ് പുതിയ തീരുമാനം.
ഇതോടെ റോഡിന് 12.5 മീറ്റർ വീതിയായി ചുരുങ്ങും. കനത്ത മഴയിൽ ഇരുവശങ്ങളിലേയും മണ്ണ് ഒലിച്ചു പോയി റോഡിൽ ഗർത്തമുണ്ടായ സന്ദർഭങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ട്. ഇത് വീണ്ടും ആവർത്തിക്കാനാണ് സാധ്യത. ചെലവ് ചുരുക്കാൻ വേണ്ടി അധികൃതർ നടത്തുന്ന നടപടി ഭാവിയിൽ പ്രതിസന്ധി സൃഷ്ടിക്കും.
എന്നാൽ, ഇത്രയും ചെയ്യുവാനേ കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളു എന്ന് കെആർഎഫ്ബി അസി. എൻജിനിയർ പറയുന്നു. ഇതോടെ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കാഞ്ചിയാർ, അയ്യപ്പൻകോവിൽ പഞ്ചായത്തുകൾ ലക്ഷ്യമിട്ട മൺപാലത്തിലെ സൗന്ദര്യവത്കരണവും അവതാളത്തിലായി. വീതി കൂട്ടി റോഡ് നിർമിക്കുന്നതിന് ഡാം സേഫ്റ്റി അതോറിറ്റി തടസം ഉന്നയിച്ചിരുന്നു.
കാഞ്ചിയാർ, അയ്യപ്പൻകോവിൽ പഞ്ചായത്തു പ്രസിഡന്റുമാരുടെ സമ്മർദ്ദത്തെത്തുടർന്നാണ് സർക്കാർ അനുമതി ലഭ്യമാക്കിയത്. എന്നാൽ, എസ്റ്റിമേറ്റ് വെട്ടിച്ചുരുക്കി റോഡിന്റെ വീതി കുറയ്ക്കുന്ന തീരുമാനം പ്രസിഡന്റുമാരെ കിഫ്ബി അധികൃതർ അറിയിച്ചില്ല.
1978-79ലാണ് കെഎസ്ഇബി അയ്യപ്പൻകോവിൽ - കാഞ്ചിയാർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 160 മീറ്റർ നീളത്തിൽ വെള്ളിലാംകണ്ടത്ത് മൺപാലം നിർമിച്ചത്. ജലാശയത്തിലെ വെള്ളം ഇരുവശങ്ങളിലേക്കും കയറിയിറങ്ങാൻ കഴിയും വിധമായിരുന്നു നിർമാണം. 20 മീറ്റർ വ്യാസത്തിലുള്ള കോൺക്രീറ്റ് ചുരുളുകൾക്ക് മുകളിൾ മണ്ണു നിരത്തിയാണ് റോഡ് നിർമിച്ചത്.
കുഴൽപ്പാലം വെട്ടിച്ചുരുക്കിയ നടപടി പ്രതിഷേധാർഹം
ഉപ്പുതറ: വെള്ളിലാംകണ്ടം കുഴൽപ്പാലം നവീകരണം വെട്ടിച്ചുരുക്കുന്ന കിഫ്ബി നടപടി പ്രതിഷേധാർഹമെന്ന് കാഞ്ചിയാർ, അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ സുരേഷ് കുഴിക്കാട്ട്, ജയ്മോൾ ജോൺസൻ എന്നിവർ അറിയിച്ചു.
തങ്ങൾ ഇടപെട്ടാണ് ഡാം സേഫ്ടി അഥോറിറ്റിയുടെ തടസം നീക്കിയത്. എസ്റ്റിമേറ്റും നിർമാണവും വെട്ടിച്ചുരുക്കുമ്പോൾ തങ്ങളെ അറിയിച്ചില്ല. മുൻപുതിരുമാനിച്ച വിധം നിർമാണം നടത്തണം. രണ്ടു പഞ്ചായത്തുകളും കൂടിയാലോചിച്ച് സർക്കാരിനെ സമീപിക്കുമെന്നും പ്രസിഡന്റുമാർ അറിയിച്ചു.