കാലവർഷം ശക്തമായി; ദുരന്തനിവാരണ സേന എത്തി
1430885
Sunday, June 23, 2024 3:54 AM IST
തൊടുപുഴ: കാലവർഷം ശക്തമായതിനെത്തുടർന്ന് ദേശീയ ദുരന്തനിവാരണ സേന ജില്ലയിലെത്തി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി 35 അംഗ എൻഡിആർഎഫ് ടീമാണ് എത്തിയത്. ടീം കമാൻഡർ അർജുൻപാൽ രാജ്പുത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തെ കളക്ടറേറ്റിൽ മന്ത്രി റോഷി അഗസ്റ്റിൻ, കളക്ടർ ഷീബാ ജോർജ്, എഡിഎം ബി. ജ്യോതി എന്നിവർ ചേർന്ന് സ്വീകരിച്ചു.
മുൻകാലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്താനും ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പഠിക്കാനുമാണ് സേനയുടെ ലക്ഷ്യം. വെള്ളാപ്പാറയിലെ വനംവകുപ്പിന്റെ ഐബിയും ഡോർമെറ്ററിയുമാണ് ബേസ് ക്യാന്പായി പ്രവർത്തിക്കുന്നത്.
ഇതിനിടെ തൊടുപുഴ ഉൾപ്പെടെ ലോറേഞ്ചിലും ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും രണ്ടു ദിവസമായി കനത്ത മഴയാണ്. ഇടിമിന്നലിനോടൊപ്പമുള്ള മഴയാണ് പല മേഖലകളിലും. വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ നാളെയും ജില്ലയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയിലെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റാവശ്യങ്ങൾക്കോ ഇറങ്ങരുത്.
വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണമെന്നും കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നും ഉണ്ടാകാനിടയുള്ള അപകടങ്ങളിൽ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.