കോൺ. പ്രവർത്തകർ സർക്കാർഭൂമിയും കെട്ടിടവും കൈയേറിയെന്ന്; എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധം
1431234
Monday, June 24, 2024 3:49 AM IST
മറയൂർ: കോവിൽക്കടവ് ടൗണിൽ റവന്യു സ്ഥലവും കെട്ടിടവും ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കൈയേറി ബോർഡ് സ്ഥാപിച്ചെന്ന് പരാതി. പൊതുമരാമത്ത് വകുപ്പ് നിർമിച്ചതും നിലവിൽ ഇടിഞ്ഞുപൊളിഞ്ഞ് കിടന്നിരുന്നതുമായ കെട്ടിടമാണ് അവധി ദിനമായ ശനിയാഴ്ച രാത്രി അറ്റകുറ്റപ്പണികൾ നടത്തി മേൽക്കൂര നിർമിച്ച് കൈയേറിയതായി ആരോപണമുയർന്നത്.
കോൺഗ്രസ് പാർട്ടിയിലെ തന്നെ ഒരു വലിയ വിഭാഗത്തിന്റെ എതിർപ്പ് അവഗണിച്ചാണ് മണ്ഡലം പ്രസിഡന്റും മറ്റു ചിലരും ചേർന്ന് കൈയേറ്റം നടത്തിയതെന്നു പരാതിയുയർന്നത്.
ലക്ഷങ്ങൾ വിലമതിക്കുന്ന കെട്ടിടവും സർക്കാർഭൂമിയും കോൺഗ്രസ് പാർട്ടി ഓഫീസിനെന്ന പേരിൽ സ്വന്തമാക്കിയ ശേഷം മറിച്ച് വിൽപ്പന നടത്തുകയാണ് ഉദ്ദേശ്യമെന്ന് എൽഡിഎഫ് കാന്തല്ലൂർ പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു.
1957ൽ പൊതുമരാമത്ത് വകുപ്പ് നിർമിച്ചതാണെന്നു രേഖകളിലുണ്ട്. പൊതുജനങ്ങൾക്കായി നിരവധി വികസന പ്രവർത്തനങ്ങൾ ചെയ്യാവുന്ന ഭൂമി തട്ടിയെടുത്ത് വിൽപ്പന നടത്താനുള്ള കോൺഗ്രസ് നീക്കത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് കാന്തല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിൽക്കടവ് ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
പ്രതിഷേധയോഗം സിപിഎം മറയൂർ ഏരിയ സെക്രട്ടറി എ.എസ്. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.