കണ്ണനെ രക്ഷിക്കാനായില്ല: ജനം ചോദിക്കുന്നു, ഇനിയെന്ത് കാട്ടാനാ
1438266
Monday, July 22, 2024 11:41 PM IST
മൂന്നാർ: കാട്ടാനകളുടെ ആക്രമണത്തിൽനിന്ന് ജനവാസ മേഖലകളെയും ജനങ്ങളെയും സംരക്ഷിക്കുവാൻ വനംവകുപ്പ് നിയോഗിച്ച റാപ്പിഡ് റെസ്പോണ്സ് ടീമിനും കണ്ണനെന്ന ആദിവാസിയുടെ ജീവൻ സംരക്ഷിക്കാനാവാതെ വന്നതോടെ ഇനിയെന്ത് കാട്ടാനാ എന്ന ആധിയിലാണ് മൂന്നാറും പരിസര പ്രദേശങ്ങളും ഉൾപ്പെടുന്ന തോട്ടം മേഖല.
കാറ്റത്ത് ഇലയൊന്നിളകിയാൽ പോലും ആനയെന്ന ഭീതിയിലാണ് മൂന്നാറും പരിസര പ്രദേശങ്ങളും. വീടിനു പുറത്ത് എന്തെങ്കിലും അനക്കം കേട്ടാൽ കുട്ടികളുമായി മണിക്കൂറുകളോളം ശ്വാസംപിടിച്ചു കഴിയേണ്ടിവരുന്ന അവസ്ഥയിലാണ് തൊഴിലാളികൾ. കഴിഞ്ഞ രണ്ടാഴ്ചയായി ജനവാസ മേഖലകളിൽ നിരന്തരം സാന്നിധ്യമുറപ്പിച്ച പടയപ്പ ഉൾപ്പെടെയുള്ള ആനകളെ എങ്ങനെ നിയന്ത്രിക്കാനാവും എന്നിറിയാതെ കുഴങ്ങുന്ന വനംവകുപ്പിന് തൊഴിലാളികളുടെ ചോദ്യത്തിന് ഉത്തരമില്ലാതായിരിക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരി 26ന് കന്നിമല എസ്റ്റേറ്റ് സ്വദേശിയായ ഓട്ടോ ഡ്രൈവർ സുരേഷ്കുമാർ ആനയുടെ ആക്രമണത്തിൽ മരണപ്പെട്ടതിനു പിന്നാലെയാണ് ആർആർടി സംഘത്തെ നിയോഗിച്ചത്.
ജനവാസ മേഖലകളിലും മൂന്നാർ - ഉടുമലപേട്ട അന്തർ സംസ്ഥാനപാതയിൽ സഞ്ചരിക്കുന്ന വാഹനങ്ങളെയും ആക്രമിക്കുന്നത് പതിവാക്കുകയും മദപ്പാട് കണ്ടുതുടങ്ങുകയും ചെയ്തതോടെ പടയപ്പയെയും നാടുകടത്തണമെന്ന ആവശ്യമുയർന്നിരുന്നു.
എന്നാൽ, മനുഷ്യരെ ഇതുവരെ ആക്രമിക്കാത്ത പടയപ്പയെ നിയന്ത്രിച്ചാൽ മതിയെന്ന നിഗമനത്തിൽ പടയപ്പയെ നിരീക്ഷിച്ചു വരുകയായിരുന്നു വനംവകുപ്പ്.
മൂന്നാറിൽനിന്ന് ആർആർടി സംഘം പടയപ്പയെ കാടുകയറ്റിയതിനെത്തുടർന്ന് മറയൂർ, പള്ളനാട് പ്രദേശങ്ങളിൽ എത്തിയ പടയപ്പ മൂന്നു മാസത്തോളം അവിടെ ചുറ്റിത്തിരിയുകയായിരുന്നു. രണ്ടാഴ്ച മുന്പ് മൂന്നാറിലേക്ക് മടങ്ങി വന്ന പടയപ്പ കഴിഞ്ഞ രണ്ടാഴ്ചയോളം ചെണ്ടുവര, കുണ്ടള, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലെ ജനവാസ മേഖലകളിൽ തന്നെയാണ്്.
കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി പഞ്ചായത്ത് ഓഫീസിനു സമീപം എത്തിയ പടയപ്പ അല്പനേരം യാത്രക്കാരിൽ പരിഭ്രാന്തി പടർത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ജനവാസ മേഖലകളിൽ തുടർന്നിട്ടും പടയപ്പയെ കാട്ടിലേക്ക് അയയ്ക്കാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് വനംവകുപ്പ് ഇനിയെന്തു നടപടി സ്വീകരിക്കും എന്ന ചോദ്യം തൊഴിലാളികൾ ഉയർത്തുന്നത്.
ഇതു കൂടാതെ മൂന്നാറിലെ കന്നിമല, നമയക്കാട്, സെവൻമല, ലക്ഷ്മി തുടങ്ങിയ എസ്റ്റേറ്റുകളിലും കാട്ടാനകൾ സജീവമാണ്. മൂന്നാർ ടൗണിൽനിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള പഴയമൂന്നാറിലെ ജനവാസ മേഖലയിലും കാട്ടാനകൾ ഇറങ്ങിയിരുന്നു.