നാലരപ്പതിറ്റാണ്ടിനു ശേഷം നെൽക്കൃഷി ചെയ്യാനൊരുങ്ങി ശിവകുമാർ
1438272
Monday, July 22, 2024 11:41 PM IST
മറയൂർ: 45 വർഷമായി കരിമ്പുകൃഷി മാത്രം ഉണ്ടായിരുന്ന ശിവകുമാറിന്റെ പാടത്ത് നെൽക്കൃഷിക്ക് ഒരുങ്ങി ശിവകുമാർ. കരിമ്പിന്റെ വിളവ് കുറഞ്ഞതോടെ നടത്തിയ പരിശോധനയിൽ മണ്ണിലെ മൂലകങ്ങൾ കുറഞ്ഞതായി മനസിലാക്കിയാണ് പാടത്ത് നെൽക്കൃഷി പുനരാരംഭിക്കാൻ ശിവകുമാർ തീരുമാനിച്ചത്.
ഏറെ നാളുകൾക്ക് ശേഷമാണ് മേഖലയിൽ നെൽക്കൃഷി ഇറക്കുന്നത്. നിലവിൽ മറ്റാരും മറയൂരിൽ നെൽക്കൃഷി ചെയ്യുന്നില്ല. ഇപ്പോൾ രണ്ടേക്കറിലാണ് കൃഷി ഇറക്കിയത്.
മണ്ണിലെ ഫലഭൂയിഷ്ടി വർധിപ്പിക്കുന്നതിനായി തക്കപ്പുണ്ട് എന്ന പേരിലുള്ള ചെടിയുടെ തൈകൾ നട്ടുവളർത്തി ഉഴവടിച്ച് മണ്ണിനോടുചേർത്തു. ചാണകവും വിതറി.
1950 വരെ മറയൂരിലെ പാടങ്ങളിൽ നെൽക്കൃഷിയായിരുന്നു ഉണ്ടായിരുന്നത്. 1970കളുടെ അവസാനത്തിലാണ് അതിർത്തി പട്ടണമായ തമിഴ്നാട്ടിലെ ഉദുമൽപ്പേട്ടയിൽനിന്നു ഗോവിന്ദമ്മയാണ് മറയൂർ പഞ്ചായത്തിലെ ആനക്കാൽപ്പെട്ടി പ്രദേശത്ത് കരിമ്പുകൃഷി ആരംഭിച്ചത്.
നെല്ലിന് ന്യായവില ലഭിക്കാതെ വന്നതോടെ കർഷകർ എല്ലാവരും പിന്നീട് കരിമ്പ് കൃഷിയിലേക്ക് തിരിയുകയായിരുന്നു. ശർക്കര ഉത്പാദനം വർധിച്ചതോടെ കരിമ്പ് കൃഷി വ്യാപകമാവുകയായിരുന്നു.