റോഡ് നിർമാണത്തിലെ അപാകതയ്ക്ക് പിഡബ്ല്യുഡിയുടെ അപകട മുന്നറിയിപ്പ്
1443821
Sunday, August 11, 2024 3:15 AM IST
ചെറുതോണി: പുതിയ റോഡ് നിർമിച്ചതുമുതൽ നാട്ടുകാർക്കും യാത്രക്കാർക്കും റോഡ് അപകട ഭീഷണിയായതായി പരാതി. പ്രളയ ഫണ്ട് ഉപയോഗിച്ചു നിർമിച്ച പൈനാവ് - താന്നിക്കണ്ടം-മണിയാറൻകുടി - കൊക്കരക്കുളം - മുളകുവള്ളി-അശോകക്കവല ബൈപാസ് റോഡാണ് സംരക്ഷണഭിത്തി നിർമിക്കാതെ വീട്ടുകാർക്കും വാഹനങ്ങൾക്കും അപകടഭീഷണിയായിരിക്കുന്നത്.
2018ലെ പ്രളയത്തിൽ ജില്ലാ ആസ്ഥാനം വൻതകർച്ചയാണ് നേരിട്ടത്. വീടുകളും നിരവധി ജീവനുകളും റോഡുകളുമെല്ലാം നഷ്ടമായിരുന്നു. ഈ സാഹചര്യത്തിൽ അടിയന്തര നടപടികൾക്ക് ഉതകുന്ന തരത്തിലാണ് പൈനാവിൽനിന്നു തടിയമ്പാട് അശോകക്കവലയിലേക്കു സമാന്തരപാത നിർമിച്ചത്, 21 കിലോമീറ്റർ ദൂരം വരുന്ന റോഡ് ടാറിംഗ് ഉൾപ്പെടെ പൂർത്തിയാക്കുകയും ചെയ്തു.
പൂർണമായും വാഴത്തോപ്പ് പഞ്ചായത്തിലൂടെ മാത്രം കടന്നുപോകുന്ന റോഡാണിത്. റോഡ് നിർമാണഘട്ടത്തിൽ പോലും പല ഇടത്തും വശങ്ങൾ ഇടിഞ്ഞുവീഴുന്നതു പതിവായിരുന്നു. കൊക്കരക്കുളം ഭാഗത്ത് കാരക്കുന്നേൽ റോബിന്റെ വീടിനോടു ചേർന്ന് റോഡരിക് പലപ്രാവശ്യം ഇടിഞ്ഞുവീണു.നിർമാണഘട്ടത്തിൽതന്നെ ഇക്കാര്യം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല.
റോഡ് അശാസ്ത്രീയമായാണ് നിർമിക്കുന്നതെന്നു വ്യാപകമായ പരാതിയുണ്ടായിട്ടും നടപടിയൊന്നുമുണ്ടായില്ല. റോഡിന്റെ തിട്ടയിടിഞ്ഞു വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതു പതിവായപ്പോൾ പൊതുമരാമത്ത് വകുപ്പ് റോഡിൽ പലയിടത്തും അപകടം മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് കടമ പൂർത്തീകരിക്കുകയാണുണ്ടായത്. ഇത് അപകട സാധ്യത കൂട്ടുകയാണ്.
റോഡ് വക്കിലെ വൈദ്യുതി പോസ്റ്റ് ഉൾപ്പെടെ ഏത് നിമിഷവും വീടിനു മുകളിലേക്ക് പതിക്കുന്ന അവസ്ഥയിലാണ്. സംരക്ഷണഭിത്തി ഇല്ലാത്തതിനാൽ വാഹനങ്ങളും അപകടത്തിൽപ്പെട്ടു വീടിനു മുകളിലേക്ക് പതിക്കുമോയെന്ന ആശങ്കയിലാണ് വീട്ടുകാർ. അടിയന്തരമായ റോഡിനു സംരക്ഷണഭിത്തി നിർമിച്ച് സുരക്ഷ ഒരുക്കണമെന്നാണ് റോബിന്റെയും നാട്ടുകാരുടെയും ആവശ്യം.