പോലീസിനു നേരേ കൈയേറ്റശ്രമം: മദ്യപസംഘം പിടിയില്‍
1459385
Monday, October 7, 2024 3:05 AM IST
നെടുങ്കണ്ടം: പോലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച മദ്യപസംഘത്തെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടിയെരുമ സ്വദേശികളായ വാര്യവീട്ടില്‍ അനന്തു(30), പാലമൂട്ടില്‍ രാജേഷ്(33), പാമ്പാടുംപാറ സ്വദേശികളായ പുള്ളോലില്‍ നിധിന് (20), പുത്തന്‍പുരയ്ക്കല്‍ വിഷ്ണു (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി 10.30 ഓടെ താന്നിമൂട് അമ്മന്ചേരിപ്പടിയിലാണ് കൈയേറ്റ ശ്രമം ഉണ്ടായത്. യുവാക്കള്‍ ഓടിച്ചിരുന്ന കാര്‍ അമ്മന്ചേരപ്പടിക്ക് സമീപം അപകടത്തില്‍പ്പെട്ടിരുന്നു. പിന്നാലെ എത്തിയ പോലീസ് ഇവരെ കാറില്‍നിന്നു പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ സുഹൃത്തുക്കള്‍ ഓട്ടോറിക്ഷയില്‍ സ്ഥലത്തെത്തി.
തുടര്‍ന്ന് ഇവര്‍ പോലീസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐ പി.എസ്. നവാസിനും സംഘത്തിനും നേരേയാണ് അസഭ്യവര്‍ഷവും കൈയേറ്റ ശ്രമവും ഉണ്ടായത്.
തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ നിന്നു എസ്ഐ ടി.എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു.