ലാഭവിഹിതവും ചികിത്സാസഹായവുമായി മലനാട് കാര്‍ഷിക ഗ്രാമവികസന ബാങ്ക് 1.15 കോടി രൂപ വിതരണം ചെയ്യും
1466921
Wednesday, November 6, 2024 4:04 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടം മലനാട് കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഈ വര്‍ഷം ലാഭവിഹിതവും ചികിത്സാ സഹായവുമായി അംഗങ്ങള്‍ക്ക് 1.15 കോടി രൂപ വിതരണം ചെയ്യുമെന്ന് ബാങ്ക് ഭരണസമിതി പത്രസമ്മേളനത്തില്‍ അറിയിച്ചു.
സഹകരണമേഖല കടുത്ത പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിലും ഏറ്റവും കൂടുതല്‍ വായ്പകള്‍ നല്കുന്ന ബാങ്കാണ് മലനാട് കാര്‍ഷിക ഗ്രാമവികസന ബാങ്ക്. തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ ഈ വര്‍ഷത്തെ ലാഭം 1.29 കോടി രൂപയാണ്.
ഇതില്‍നിന്നു 90 ലക്ഷം രൂപയാണ് ഓഹരി ഉടമകള്‍ക്ക് വിതരണം ചെയ്യുന്നത്. കൂടാതെ അംഗങ്ങളില്‍ വൃക്ക, കരള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍, അപകടം മൂലം കിടപ്പിലായ വായ്പ്പക്കാരായ അംഗങ്ങള്‍ എന്നിവര്‍ക്ക് 25 ലക്ഷം രൂപ ചികിത്സാധനസഹായമായും നല്‍കും.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് ചികിത്സാ ധനസഹായത്തിന്റെ ആനുകൂല്യം ലഭിക്കുന്നത്.
ഒരു വ്യക്തിക്ക് പരമാവധി 25,000 രൂപവരെ നല്‍കും. അര്‍ഹരായവര്‍ 30ന് മുമ്പായി ചികിത്സാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നെടുങ്കണ്ടത്തെ ഹെഡ് ഓഫീസില്‍ അപേക്ഷ നല്‍കണം.
ഓരോ വര്‍ഷവും ശരാശരി 100 കോടി രൂപയുടെ വായ്പകളാണ് ബാങ്ക് നല്‍കുന്നത്. കേരളത്തില്‍ ഏറ്റവും അധികം കാര്‍ഷികവായ്പകള്‍ നല്‍കുന്നതും മലനാട് ബാങ്കാണ്. കൃത്യമായി വായ്പകള്‍ തിരിച്ചടയ്ക്കുന്നവര്‍ക്കുള്ള പലിശ ഇളവ്, റിസ്ക് ഫണ്ട്, മറ്റ് സ്കീമുകള്‍ തുടങ്ങിയവ വഴി കഴിഞ്ഞ സാമ്പത്തികവര്‍ഷം 1.10 കോടി രൂപയുടെ ആനുകൂല്യം അംഗങ്ങള്‍ക്ക് വിതരണം ചെയ്തു.
ബാങ്കിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുമളി-മൂന്നാര്‍ റോഡ്, തൂക്കുപാലം - രാമക്കല്‍മേട് റോഡ് എന്നിവയുടെ സമീപത്ത് രണ്ടേക്കര്‍ സ്ഥലം വാങ്ങുന്നതിനും ബ്രാഞ്ചുകള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിനും തീരുമാനിച്ചിട്ടുള്ളതായി ബാങ്ക് പ്രസിഡന്റ് ജോസ് പാലത്തിനാല്‍, ഭരണസമിതിയംഗം ബേബിച്ചന് ചിന്താര്‍മണി, സെക്രട്ടറി സാബു ജോണ്‍ എന്നിവര്‍ അറിയിച്ചു.