മണ്‍സൂണ്‍ ഫിലിം ഫെസ്റ്റിവൽ 21ന്
1576931
Friday, July 18, 2025 11:34 PM IST
തൊടുപുഴ: ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മണ്‍സൂണ്‍ ഫിലിം ഫെസ്റ്റിവൽ 21 മുതൽ 24 വരെ തൊടുപുഴ സിൽവർ ഹിൽസ് തിയറ്ററിൽ നടക്കും. കേരള ചലച്ചിത്ര അക്കാദമിയുടെയും എഫ്എഫ്എസ്ഐയുടെയും സഹകരണത്തോടെയാണ് മണ്‍സൂണ്‍ ചലച്ചിത്രമേള സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അന്തരിച്ച സംവിധായകൻ ഷാജി എൻ. കരുണ്‍ അനുസ്മരണവും ഇതോടൊപ്പം നടക്കും.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ. ദീപക് മേള ഉദ്ഘാടനം ചെയ്യും. ഫിലിം സൊസൈറ്റി പ്രസിഡന്റ് എൻ. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. നഗരസഭാ വൈസ് ചെയർപേഴ്സണ്‍ പ്രഫ. ജെസി ആന്റണി, എഫ്എഫ്എസ്ഐ റീജണൽ കൗണ്‍സിൽ അംഗം യു.എ. രാജേന്ദ്രൻ, ഫിലിം സൊസൈറ്റി സെക്രട്ടറി എം.എം. മഞ്ജുഹാസൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് 5.45ന് ഫ്രഞ്ച് ചലച്ചിത്രമായ ദി കോറസ്, രാത്രി എട്ടിന് റഷ്യൻ സിനിമയായ സല്യൂട്ട് -7 എന്നിവ പ്രദർശിപ്പിക്കും.
22ന് ടർക്കിഷ് ചലച്ചിത്രം ബാൽ, ദക്ഷിണകൊറിയൻ സിനിമ വേൾഡ് ഓഫ് അസ് എന്നിവ പ്രദർശിപ്പിക്കും. 23ന് വൈകുന്നേരം 5.30ന് ഷാജി എൻ. കരുണ്‍ അനുസ്മരണം നടക്കും. തുടർന്ന് അദ്ദേഹത്തിന്റെ കുട്ടിസ്രാങ്ക് എന്ന ചിത്രവും അമേരിക്കൻ ചലച്ചിത്രമായ എറ്റേർണൽ സണ്‍ഷൈൻ ഓഫ് ദി സ്പോട്ട്ലെസ് മൈൻഡ് എന്ന സിനിമയും പ്രദർശിപ്പിക്കും.
24ന് പോളണ്ടിൽനിന്നുള്ള ദി പിയാനിസ്റ്റ്, ജർമൻ സിനിമയായ ബലൂണ്‍ എന്നിവയുടെ പ്രദർശനവും നടക്കും. പത്രസമ്മേളനത്തിൽ ഫിലിം സൊസൈറ്റി ഭാരവാഹികളായ എൻ. രവീന്ദ്രൻ, എം.എം. മഞ്ജുഹാസൻ, അനിത മുരളി, വിൽസൻ ജോണ്‍, യു.എ. രാജേന്ദ്രൻ, ഡയസ് ജോസഫ് എന്നിവർ പങ്കെടുത്തു. ഫോണ്‍: 9447753482.