റോഡ് ഉപരോധിച്ചു
1576658
Friday, July 18, 2025 3:53 AM IST
രാജാക്കാട്: ഐഎൻടിയുസി ഡ്രൈവേഴ്സ് യൂണിയൻ രാജാക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. രാജാക്കാട് ടൗണിനു സമീപം മലയോര ഹൈവേയുടെ ഭാഗമായ റോഡിന്റെ വശമിടിഞ്ഞിട്ട് ഒരു വർഷമായിട്ടും നന്നാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
ചെമ്മണ്ണാർ ഗ്യാപ് റോഡിൽ രാജാക്കാട് ടൗണിനു സമീപം കളിയിക്കൽ പടിയിൽ റോഡ് വശമിടിഞ്ഞ് അപകടാവസ്ഥയിലായിട്ട് ഒരു വർഷം പിന്നിടുമ്പോഴും സംരക്ഷണഭിത്തി നിര്‍മിച്ച് റോഡ് ഗതാഗതയോഗ്യമാക്കാന്‍ നടപടി ഉണ്ടായിട്ടില്ല.
റോഡിന്റെ ബാക്കി ഭാഗത്തും വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. മഴ ശക്തമാകുന്നതോടെ റോഡ് പൂര്‍ണമായി ഇടിഞ്ഞുതാഴാനുള്ള സാധ്യതയും നിലനില്ക്കുന്നു.ദിവസേന നൂറുകണക്കിനു വിനോദസഞ്ചാരികളും സ്കൂള്‍ ബസുകളും ഇതര വാഹനങ്ങളും കടുന്നുപോകുന്ന ജില്ലയിലെ പ്രധാന റോഡാണ് അധികൃതരുടെ അനാസ്ഥയില്‍ അപകടക്കെണിയായി മാറിയിരിക്കുന്നത്.
ടൗണിൽനിന്നു പ്രകടനമായി എത്തിയ പ്രവർത്തകർ അരമണിക്കൂറോളം റോഡ് ഉപരോധിച്ചു.ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി ജോഷി കന്യാക്കുഴി ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. സമരത്തെത്തുടർന്ന് ഗതാഗതം തടസപ്പെട്ടതോടെ രാജാക്കാട് പോലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ചു മാറ്റി. ഭാരവാഹികളായ അജി കാട്ടുമന,ജേക്കബ് മച്ചാനിക്കൽ, അനീഷ് പുത്തൻപുരയ്ക്കൽ, ബിനു ഊന്നാരംകല്ലേൽ, അലിയാർ, ഷിനോ കന്യാക്കുഴിയിൽ, സി.ഐ ജോർജ് എന്നിവർ നേതൃത്വം നൽകി.