രാജഭരണകാലത്തെ തോട്ടാപ്പുര തകർന്നു
1576663
Friday, July 18, 2025 3:53 AM IST
പീരുമേട്: രാജരണകാലത്തിന്റെ സ്മരണകൾ പേറുന്ന തോട്ടാപ്പുര തകർന്നുവീണു. തിരുവിതാംകൂർ രാജഭരണകാലത്ത് വെടിക്കോപ്പുകൾ സൂക്ഷിക്കാൻ നിർമിച്ച ഒറ്റമുറി കെട്ടിടമാണ് തോട്ടാപ്പുര എന്ന് അറിയിപ്പെട്ടിരുന്നത്.
ഒരു നൂറ്റാണ്ടോളം പഴക്കംചെന്ന തോട്ടാപ്പുരയെ സംരക്ഷിച്ചിരുന്നത് കൂറ്റൻ ആൽമരത്തിന്റെ വേരുകളായിരുന്നു. ആൽമരം ഉണങ്ങിയതോടെ കെട്ടിടം തകർച്ചയുടെ വക്കിലായി. കഴിഞ്ഞദിവസത്തെ ശക്തമായ മഴയിൽ കെട്ടിടം പൂർണമായും ഇടിഞ്ഞുവീഴുകയായിരുന്നു.
റാണി ലക്ഷ്മിഭായി തമ്പുരാട്ടിയുടെ കാലത്താണ് പീരുമേട്ടിൽ തോട്ടാപ്പുര നിർമിച്ചത്. ക്ഷേത്ര നിർമാണം, കെകെ റോഡ് നിർമാണം എന്നിവയ്ക്ക് ആവശ്യമുള്ള വെടിക്കോപ്പുകൾ സൂക്ഷിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
കുമ്മായം ചേർത്ത മിശ്രിതമാണ് തോട്ടാപ്പുരയുടെ നിർമാണത്തിന് ഉപയോഗിച്ചത്. ജനവാസമില്ലാത്ത കാടായിരുന്ന പ്രദേശം തെരഞ്ഞെടുത്താണ് അന്ന് കെട്ടിടം പണികഴിപ്പിച്ചത്.സ്ഫോടകവസ്തുക്കളിൽ ഇടിമിന്നലിൽ ഏൽക്കാതിരിക്കാൻ മിന്നൽരക്ഷാകവചവും സ്ഥാപിച്ചിരുന്നു.