രാജകുമാരി മാങ്ങാത്തൊട്ടി ജംഗ്ഷനിൽ റോഡിനു വീതി വർധിപ്പിക്കണമെന്ന്
1576665
Friday, July 18, 2025 3:54 AM IST
രാജകുമാരി:ശാന്തൻപാറ - പൊട്ടൻകാട് റോഡിന്റെ ഭാഗമായുള്ള രാജകുമാരി കുരിശുപള്ളി ജംഗ്ഷനിൽ റോഡിനു വീതി വർധിപ്പിക്കണമെന്ന് സീനിയർ സിറ്റിസൺ വെൽഫെയർ ഫ്രണ്ട്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ഉദ്യോഗസ്ഥർക്കും നിവേദനം നൽകി.
40 വർഷം മുന്പ് പൊതുമരാമത്ത് ഏറ്റെടുത്ത റോഡാണ് ശാന്തൻപാറയിൽനിന്ന് ആരംഭിച്ച് സേനാപതി, രാജകുമാരി, കജനാപ്പാറ, ബൈസൺവാലിവഴി പൊട്ടൻകാട്ടിലെത്തുന്നത്.
ജനപ്രതിനിധികൾ ഇടപെട്ട് മൂന്നു വർഷം മുമ്പ് റോഡ് എട്ടു മീറ്റർ വീതിയിൽ ടാർ ചെയ്തു. എന്നാൽ, രാജകുമാരി കുരിശുപള്ളി കവലയിൽ പ്രധാന റോഡിൽനിന്നു മാങ്ങാത്തൊട്ടിക്ക് തിരിയുന്ന ഭാഗത്ത് റോഡിനു നാലുമീറ്റർ മാത്രമാണ് വീതിയുള്ളത്.ഇതുമൂലം വലിയ വാഹനങ്ങൾ തിരിയുന്നതിനു വലിയ ബുദ്ധിമുട്ടാണ്. വീതിയേറിയ റോഡിൽനിന്നു വരുമ്പോൾ പെട്ടെന്ന് റോഡ് ഇടുങ്ങിവരുന്നതിനാൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
മൂന്നു വർഷം മുമ്പ് സ്കൂട്ടർ ഇടിച്ചുമറിഞ്ഞ് ഒരാൾ മരിച്ചിരുന്നു. ആവശ്യമായ സ്ഥലം നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത് റോഡിന് വീതി കൂട്ടി അപകടസാധ്യത കുറയ്ക്കണമെന്ന് അസോസിയേഷൻ സെക്രട്ടറി മാത്യു കുത്തുകല്ലുങ്കൽ,ജോയിന്റ് സെക്രട്ടറി സണ്ണി തുമ്പനിരപ്പേൽ എന്നിവർ ആവശ്യപ്പെട്ടു.