ദേശീയപാത-85ന്റെ നിർമാണത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം: ഇടുക്കി രൂപത
1576675
Friday, July 18, 2025 3:54 AM IST
ചെറുതോണി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറവരെയുള്ള 14.5 കി.മീ. പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ച കേരള ഹൈക്കോടതി വിധി അത്യന്തം ദൗർഭാഗ്യകരമാണെന്ന് ഇടുക്കി രൂപത മീഡിയാ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് വാർത്താക്കുറിപ്പിൽ അറിയിച്ചു.
കേരള സർക്കാരിനുവേണ്ടി വനം വകുപ്പ് അഡീഷണൽ സെക്രട്ടറി കൊടുത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. എം.എൻ. ജയചന്ദ്രൻ എന്നയാൾ 2024ൽ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ റോഡ് നവീകരണം നടക്കുന്ന നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കി.മീ. ഭാഗം മലയാറ്റൂർ - ഇടിയറ റിസർവ് വനഭൂമിയാണെന്നും എൻഎച്ച് - 85ൽ അനുമതിയില്ലാതെ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നുമാണ് ആവശ്യപ്പെട്ടത്.
1932ലെ രാജഭരണകാലത്തെ ഉത്തരവിന്റെയും 1996ലെ സംസ്ഥാന സർക്കാരിന്റെ ഉത്തരവിന്റെയും അടിസ്ഥാനത്തിൽ കിരണ് സിജു / സ്റ്റേറ്റ് ഓഫ് കേരള കേസിൽ റോഡിന്റെ മധ്യഭാഗത്തുനിന്ന് 50 അടി വീതം ഇരുവശത്തേക്കും റോഡ് പുറന്പോക്ക് ആണെന്നും ആയത് പൊതുമരാമത്ത് വകുപ്പിന് അവകാശപ്പെട്ടതാണെന്നും റോഡിന്റെ യാതൊരുവിധ നിർമാണ പ്രവർത്തനങ്ങളും വനംവകുപ്പ് തടസ്സപ്പെടുത്തരുതെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 28-05-2024ൽ ഉത്തരവിട്ടിട്ടുള്ളതാണ്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരേ എം.എൻ. ജയചന്ദ്രൻ റിവ്യൂ പെറ്റീഷൻ നൽകിയെങ്കിലും അതും തള്ളിയിരുന്നു. പിന്നീട് എം.എൻ. ജയചന്ദ്രൻ വീണ്ടും നൽകിയ പൊതു താത്പര്യ ഹർജിയിൽ ഹൈക്കോടതിയുടെ 07/07/2025ലെ സിറ്റിംഗിൽ നേര്യമംഗലം മുതൽ വാളറ വരെ വനമേഖലയാണെന്ന് വനം വകുപ്പ് അഡീഷണൽ സെക്രട്ടറി സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു. രാജഭരണ കാലത്ത് റോഡിനായി നീക്കിയിട്ടിട്ടുള്ള 100 അടി വീതിയിലുള്ള സ്ഥലം വനംവകുപ്പിന്റേതല്ലെന്ന് റവന്യൂ രേഖകൾ പ്രകാരം വ്യക്തമായിട്ടുള്ള സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ താത്പര്യത്തിന് വിരുദ്ധമായി തെറ്റായ സത്യവാങ്മൂലം വനം വകുപ്പ് സെക്രട്ടറി നൽകിയിട്ടുണ്ടെങ്കിൽ അത് തിരുത്തിക്കുന്നതിന് സർക്കാ ർ അടിയന്തരമായി ഇടപെടണം.
മലയോര മേഖലകളിൽ (റോളിംഗ് ടെറയിൻ) അപകടരഹിതമായി എങ്ങനെ റോഡ് നിർമിക്കാമെന്ന് വിദഗ്ധ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ സെൻട്രൽ ഗവണ്മെന്റ് നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചും വാലി സൈഡിലും കട്ടിംഗ് സൈഡിലും ബലവത്തായ സംരക്ഷണഭിത്തികൾ നിർമിച്ചുമാണ് റോഡ് വികസന പ്രവർത്തനങ്ങൾ നടന്നു വരുന്നതെന്നും അതിനായി ചുമതലപ്പെടുത്തിയ സമിതികൾ റിപ്പോർട്ട് നൽകിയിട്ടുള്ളതുമാണ്.
ചില സ്വാർഥ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾകൊണ്ട് ഹൈറേഞ്ച് മേഖല പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ സർക്കാർ നിലപാടുകൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കണമെന്നും ജനത്തിനും നാടിനും ഉപകാരപ്രദമായ തീരുമാനങ്ങളെടുത്ത് ദേശീയപാതയുടെ നിർമാണം പുനരാരംഭിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും രൂപത മീഡിയാ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് ആവശ്യപ്പെട്ടു.