മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ട്രിപ്പിൾ ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും
1576678
Friday, July 18, 2025 3:54 AM IST
ചെറുതോണി: സ്വന്തം മകളെ അഞ്ചു വയസു മുതൽ എട്ടു വയസുവരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പിതാവിന് മൂന്നു ജീവപര്യന്തം തടവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ചു. ഇടുക്കി പൈനാവ് അതിവേഗ കോടതിയുടെ അധിക ചുമതല വഹിക്കുന്ന ജഡ്ജ് വി. മഞ്ജുവാണ് ശിക്ഷ വിധിച്ചത്.
2020 ൽ കുട്ടിക്ക് എട്ടു വയസ് പ്രായമുള്ളപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടി ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ പിതാവ് വീട്ടിൽവച്ച് നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായാണ് കുട്ടിയുടെ മൊഴി. സ്ഥിരമായി വയറുവേദന അനുഭവപ്പെട്ടിരുന്ന കുട്ടി നിരന്തരമായി ചികിത്സയിലായിരുന്നു.
2020 ൽ ഒരു ദിവസം അമ്മ കുട്ടിയുമായി ആശുപത്രിയിൽ പോകാൻ ബസ് കാത്തു നിൽകുമ്പോഴാണ് കുട്ടി അമ്മയോട് സംഭവം പറയുന്നത്. തുടർന്നു നടന്ന കൗൺസലിംഗിലാണ് പീഡനവിവരം പുറത്തുവന്നത്. തുടർന്ന് കരിമണ്ണൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരേ അന്തിമ റിപ്പോർട്ട് നൽകി.
സ്വന്തം പിതാവിൽനിന്ന് മകൾക്ക് ഏൽക്കേണ്ടിവന്ന ക്രൂരമായ ലൈംഗികാതിക്രമത്തിനു പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിയും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്ന രണ്ടു വീടുകളിൽ വച്ചും സംഭവം ഉണ്ടായി എന്നാണ് കുട്ടിയുടെ മൊഴി. കോടതിയിൽ മൊഴി പറയാൻ വന്ന ദിവസം കുട്ടിയുടെ അമ്മ കോടതിയിൽ ബോധരഹിതയായി വീണിരുന്നു.
പിഴ ഒടുക്കുന്നപക്ഷം കുട്ടിക്ക് നൽകണമെന്നും അല്ലാത്തപക്ഷം ആറു വർഷം അധിക തടവിനും കോടതി വിധിച്ചു. കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോടും കോടതി നിർദേശിച്ചു.
സമീപകാലത്ത് ഇതേ കോടതിയിൽനിന്ന് ഇത്തരം കേസുകളിൽ രണ്ടുപേർക്ക് ഇരട്ട ജീവപര്യന്തവും മറ്റൊരാൾക്ക് ഈ കേസ് കൂടാതെ ട്രിപ്പിൾ ജീവപര്യന്തവും ശിക്ഷ വിധിച്ചിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ കോടതിയിൽ ഹാജരായി.