ഭൂപ്രശ്നം: കർഷകസംഘം മാർച്ച് നടത്തും
1576935
Friday, July 18, 2025 11:34 PM IST
തൊടുപുഴ: ഭൂനിയമ ഭേദഗതിയുടെ തുടർച്ചയായി ചട്ടഭേദഗതി വരാനിരിക്കെ ചില ഉദ്യോഗസ്ഥരും കപട പരിസ്ഥിതി സംഘടനകളും ചേർന്ന് ജില്ലയിലെ ഭൂപ്രശ്നങ്ങൾ സങ്കീർണമാക്കാൻ ശ്രമിക്കുകയാണെന്ന് കർഷകസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
വിനോദസഞ്ചാര മേഖലയായ പരുന്തുംപാറയിൽ സർക്കാർ ഭൂമി കൈയേറ്റം എന്ന നിലയിൽ റവന്യു ഉദ്യോഗസ്ഥർ നടത്തുന്നത് ജനദ്രോഹ നടപടികളാണ്. ഒരു നൂറ്റാണ്ടിലേറെയായി ഇവിടെ താമസിച്ചുവരുന്ന ആളുകൾക്കെതിരേയാണ് നടപടി എടുക്കാനൊരുങ്ങുന്നത്.
മഞ്ചുമല വില്ലേജിലും പീരുമേട് വില്ലേജിലുമുള്ള ചില സർവേ നന്പരുകളിലെ പട്ടയങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള റവന്യു വകുപ്പിന്റെ നടപടി പട്ടയയുടമകളിൽ ഇവരിൽ പലർക്കും 10 സെന്റിൽ താഴെ മാത്രമാണ് ഭൂമിയുള്ളത്.
പീരുമേട് പഞ്ചായത്തിലെ കല്ലാർ, പീരുമേട്, വണ്ടിപ്പെരിയാറിലെ ഗ്രാന്പി വാർഡുകളിൽ കളക്ടർ പൂർണ നിർമാണ നിരോധനം പ്രഖ്യാപിച്ചതിനാൽ തൊഴിലുറപ്പ് പദ്ധതിപോലും നടക്കാത്ത സ്ഥിതിയായി. ഇക്കാര്യത്തിൽ റവന്യു, വനം, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സംയുക്ത പരിശോധന വേണമെന്നാണ് കർഷകസംഘം ആവശ്യപ്പെടുന്നത്.
ചിന്നക്കനാലിൽ പതിറ്റാണ്ടുകളായി താമസിച്ച് കൃഷിചെയ്തു വരുന്ന കർഷകരുടെ പട്ടയഭൂമിയിൽ ദിവസങ്ങൾക്ക് മുന്പ് ഉദ്യോഗസ്ഥർ ബോർഡ് സ്ഥാപിച്ചത് ശരിയായ നടപടിയല്ല.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി, റവന്യു, തദ്ദേശ മന്ത്രിമാർക്ക് കർഷകസംഘം ജില്ലാ കമ്മിറ്റി നിവേദനം നൽകും. ഓഗസ്റ്റ് അഞ്ചിന് പീരുമേട് താലൂക്ക് ഓഫീസിലേക്ക് നടത്തുന്ന മാർച്ചും ധർണയും എം.എം. മണി എംഎൽഎ ഉദ്ഘാടനംചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, പി.പി. ചന്ദ്രൻ, മുഹമ്മദ് ഫൈസൽ, സി.എസ്. ഷാജി, ആശാ വർഗീസ് എന്നിവർ പങ്കെടുത്തു.