ജില്ലയിൽ കിടത്തി ചികിത്സ നിലച്ചത് 18 ആശുപത്രികളിൽ
1576944
Friday, July 18, 2025 11:34 PM IST
തൊടുപുഴ: ജില്ലയിൽ ആരോഗ്യരംഗത്ത് വലിയ മുന്നേറ്റം അധികൃതർ അവകാശപ്പെടുന്പോഴും രോഗികൾക്ക് പല ആശുപത്രികളിലും കിടത്തി ചികിത്സ നിഷേധിക്കപ്പെടുന്നു. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ 18 ആശുപത്രികളിലാണ് കിടത്തി ചികിൽസ നിലച്ചത്. തോട്ടം, ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒട്ടേറെ പേർ ചികിൽസ തേടിയെത്തിയിരുന്ന ആശുപത്രികളാണ് പലതും. സാധാരണക്കാരായ രോഗികൾ കിലോമീറ്ററുകൾ താണ്ടി മറ്റ് സർക്കാർ ആശുപത്രികളെയോ സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഈ യാത്രക്കിടയിൽ ജീവൻ നഷ്ടമായ ഒട്ടേറെ രോഗികളുമുണ്ട്.
നേരത്തെ കിടത്തി ചികിൽസ സൗകര്യം ഉണ്ടായിരുന്ന കോടിക്കുളം ,കരിമണ്ണൂർ, പുറപ്പുഴ, മുട്ടം, കുമാരമംഗലം, കെപികോളനി, അറക്കുളം, കാഞ്ചിയാർ , വണ്ടിപ്പെരിയാർ, ഉപ്പുതറ, കുമളി, രാജാക്കാട്, ഇളംദേശം, ദേവികുളം, രാജകുമാരി, മറയൂർ, വാത്തിക്കുടി,കഞ്ഞിക്കുഴി കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ കിടത്തിചികിൽസ നിലച്ചു.
ഇവിടെയൊക്കെ കിടത്തി ചികിത്സ തേടി എത്തിയിരുന്ന രോഗികൾനിരവധിയായിരുന്നു. ഇന്നത്തെ സ്റ്റാഫ്പാറ്റേണ് ഇല്ലാതിരുന്ന കാലത്താണ് ഇത് സുഗമമായി നടന്നിരുന്നത് എന്നാൽ ആശുപത്രികളിൽ കൂടുതൽ തസ്തികകൾ അനുവദിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വർധിയ്ക്കകയും ചെയ്തപ്പോൾ രോഗികൾക്ക് ലഭിച്ചിരുന്ന നിലയ്ക്കുന്ന സ്ഥിതിയായി.
പല ആശുപത്രികളും കുടുബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയതോടെയാണ് ഇവിടങ്ങളിലെല്ലാം പൂർണമായും കിടത്തി ചികിൽസ നിലച്ചത് . എന്നാൽ കുടുബാരോഗ്യ കേന്ദ്രങ്ങളിൽ സർക്കാർ കൂടുതലായി ഒന്നുവീതം ഡോക്ടറുടെയും നഴ്സിന്റയും തസ്തിക അനുവദിച്ചു. ലാബോറട്ടറി ഇല്ലാതിരുന്ന കേന്ദ്രങ്ങളിൽ അതും ആരംഭിച്ചു. ഇതിനായി ലാബ്ടെക്നീഷ്യൻ തസ്തികയും അനുവദിച്ചു. ഫാർമസിസ്റ്റിന്റ ഒരു തസ്തികയിൽ പഞ്ചായത്തുകൾക്ക് നിയമനം നടത്താൻ അനുമതിയും നൽകി . മുന്പുണ്ടായിരുന്നതിന് പുറമേ ഇത്രയും തസ്തികകൾ കൂടിയപ്പോൾ സർക്കാരിനും പഞ്ചായത്തുകൾക്കും വലിയ ചെലവ് ശന്പള ഇനത്തിൽവന്നു. എന്നാൽ രോഗികൾക്ക് മുന്പു കിട്ടിയിരുന്ന സേവനങ്ങൾ കുറയുകയും ചെയ്തു.
സായഹ്ന ഒപി
വിദൂരസ്വപ്നം മാത്രം
കിടത്തിചികിൽസ ഉണ്ടായിരുന്ന ആശുപത്രികൾ ഉൾപ്പെടെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കിയതോടെ പകരം സായാഹ്ന ഒപി തുടങ്ങുമെന്ന് പ്രഖ്യാപനം വന്നു. ഇതിനായി കുടുബാരോഗ്യകേന്ദ്രങ്ങിൽ ഓരോ ഡോക്ടറെ വീതം നിയമിക്കാൻ പഞ്ചായത്തുകൾക്ക് അനുമതി നൽകി . പഞ്ചായത്തുകൾ ഇങ്ങനെ നിയമനവും നടത്തിയെങ്കിലും ഒരിടത്തും വൈകുന്നേരം ആറു വരെ ഡോക്ടറുടെ സേവനം ലഭ്യമല്ലാതായി. ചിലയിടങ്ങളിൽ നാലു വരെ ഡോക്ടറുടെ സേവനം ലഭിക്കും. കിടത്തി ചികിൽസ നിർത്തിയ ആശുപത്രികളിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാത്തതിനാൽ സംഘടനകൾക്കും ഇക്കാര്യത്തിൽ പരാതിയില്ല.