ചരക്കുലോറിക്കു പിന്നിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1573834
Monday, July 7, 2025 10:49 PM IST
നെടുന്പാശേരി: ദേശീയപാതയിൽ അങ്കമാലിക്കു സമീപം ചെറിയ വാപ്പാലശേരിയിൽ ചരക്കു ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അപകടത്തിനിടയാക്കിയ ലോറി നിർത്താതെ പോയി. ഇടുക്കി തോപ്രാംകുടി നെല്ലാനിക്കൽ വീട്ടിൽ തങ്കച്ചന്റെ (തങ്കച്ചൻ നാരായണൻ) മകൻ അഭിജിത്താണ് (24) മരിച്ചത്.
കുന്നുകര ചുങ്കം ഭാഗത്തെ റൂഫിംഗ് കന്പനിയിലെ (ലേസർ ലൈറ്റ്) സൂപ്പർവൈസറായ അഭിജിത്ത് അങ്കമാലിയിലേക്ക് ബൈക്കിൽ പോകുന്പോഴായിരുന്നു അപകടം . ബൈക്ക് പൂർണമായി തകർന്നു. അവശനിലയിലായ അഭിജിത്തിനെ ഉടനെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിതാനായില്ല .
അങ്കമാലി ഗവ. താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമാർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അപകടത്തിനിടയാക്കിയ ലോറി കണ്ടെത്താൻ പോലീസ് സിസിടിവി കാമറകൾ പരിശോധിച്ച് അന്വേഷണം നടത്തി വരികയാണ്. മരിച്ച അഭിജിത്ത് അവിവാഹിതനാണ്. അമ്മ: ജലജ. സഹോദരങ്ങൾ: ആര്യമോൾ, അർച്ചന.