സർക്കാർ സ്കൂളുകളുടെ അറ്റകുറ്റപ്പണി: ജില്ലാപഞ്ചായത്ത് 1.17 കോടി അനുവദിച്ചു
1573696
Monday, July 7, 2025 4:25 AM IST
കാക്കനാട്: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഗവ. സ്കൂളുകളുടെ അറ്റകുറ്റപ്പണികൾക്കായി 1.17 കോടി രൂപ അനുവദിച്ചു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ ചേർന്ന സ്കൂൾ പ്രിൻസിപ്പൽമാരുടെയും പ്രധാനാധ്യാപകരുടെയും പിടിഎ പ്രസിഡന്റുമാരുടെയും സംയുക്ത യോഗത്തിൽ പ്രസിഡന്റ് മനോജ് മൂത്തേടൻ വിദ്യാഭ്യാസവകുപ്പ് ഉപഡയറക്ടർ സുബിൻ പോളിന് ചെക്ക് കൈമാറി.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.ജെ. ജോമി, കെ.ജി. ഡോണോ, ഉല്ലാസ് തോമസ്, എ.എസ്. അനിൽകുമാർ, ഷൈനി ജോർജ് , ശാരദ മോഹൻ , കെ.വി. രവീന്ദ്രൻ , ഷൈമി വർഗീസ്, ലിസി അലക്സ് , അനിമോൾ ബേബി എന്നിവർ പ്രസംഗിച്ചു.
പ്രധാനാധ്യാപകരെ നിർവഹണ ഉദ്യോഗസ്ഥരാക്കിയാണ് അടിയന്തിര സ്വഭാവമുളള അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ജില്ലാ പഞ്ചായത്ത് തീരുമാനമെടുത്തിട്ടുള്ളത്. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിനും, സുരക്ഷാ ഭീഷണി ഉയർത്തുന്ന മരങ്ങൾ, ശിഖരങ്ങൾ എന്നിവ വെട്ടിമാറ്റുന്നതിനും അടിയന്തിര പ്രാധാന്യം നൽകണമെന്നും ജില്ലാ പ്രസിഡന്റ് നിർദേശം നൽകി.