മൂവാറ്റുപുഴ നഗര വികസനത്തിലെ മെല്ലെപ്പോക്ക് : കെആർഎഫ്ബിയോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി
1573716
Monday, July 7, 2025 4:46 AM IST
മൂവാറ്റുപുഴ: നഗര വികസനത്തിലെ മെല്ലെപ്പോക്കിനെതിരെ നൽകിയ ഹർജിയിൽ കെആർഎഫ്ബി ചീഫ് എൻജിനീയറോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിഥിൻ ജാംദാറും ജസ്റ്റീസ് ബസന്ത് ബാലിജിയും അടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നഗര റോഡ് വികസനം അനന്തമായി നീളുന്നതിനെതുടർന്ന് മൂവാറ്റുപുഴ ഡവലപ്മെന്റ് അസോസിയേഷനുവേണ്ടി സെക്രട്ടറിയും അഭിഭാഷകനുമായ ഒ.വി. അനീഷ് സമർപ്പിച്ച ഹർജിയിലാണ് നടപടി.
നേരത്തെ കോടതിയിൽ എക്സിക്യൂട്ടീവ് എൻജിനീയർ സമർപ്പിച്ച വിശദീകരണം തള്ളിക്കൊണ്ടാണ് കെആർഎഫ്ബി ചീഫ് എൻജിനീയറോട് സത്യവാങ് മൂലം ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
(കെആർഎഫ്ബി) ചീഫ് എൻജിനീയർ ഈ വിഷയം പരിശോധിക്കാനും എക്സിക്യൂട്ടീവ് എൻജിനീയറിൽനിന്ന് ആവശ്യമായ രേഖകൾ ആവശ്യപ്പെടാനും അത് പരിശോധിച്ച ശേഷം ബന്ധപ്പെട്ട ജോലിയെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാനുമാണ് നിർദേശം. മൂന്നാം പ്രതി എക്സിക്യൂട്ടീവ് എൻജിനീയർ നൽകിയ വിശദീകരണത്തിൽ തൃപ്തിയില്ലാത്തതിനാലാണു നടപടി.
നഗര വികസനത്തിന്റെ ഭാഗമായി റോഡിന്റെ ഒരു ഭാഗം പൊളിച്ച് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിലവിൽ ജനങ്ങൾ വലിയ ദുരിതമാണ് നേരിടുന്നത്. ഇത് ഉദ്യോഗസ്ഥന്മാരുടെയും കരാറുകാരുടെയും നിരുത്തരവാദപരമായ പ്രവൃത്തികൾ മൂലമാണെന്നായിരുന്നു ഹർജി.
ജല അഥോറിറ്റിയെ മാത്രം കുറ്റപ്പെടുത്തുന്ന നിലയിലാണ് കെആർഎഫ്ബി മറുപടി നൽകിയത്. പൈപ്പുകൾ മാറ്റി സ്ഥാപിച്ച് റോഡ് കെആർഎഫബിക്കു വിട്ടുനൽകിയാൽ മാത്രമേ മറ്റു ജോലികൾ തുടങ്ങാൻ കഴിയുകയുള്ളൂ എന്നാണ് കെആർഎഫ്ബിയുടെ നിലപാട്.