സലൂണില്‍ യുവാക്കളെ മർദിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍
1573694
Monday, July 7, 2025 4:25 AM IST
കൊച്ചി: സലൂണില്‍ അതിക്രമിച്ച് കയറി മുടിവെട്ടാന്‍ എത്തിയ യുവാക്കളെ മർദിച്ച് അവശരാക്കിയ സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. കറുകപ്പള്ളി സ്വദേശിയുമായ മുഹമ്മദ് ബിലാല്‍ (24), സഹോദരന് മുഹമ്മദ് ബെന്യാമിന് (22) എന്നിവരാണ് എളമക്കര പോലീസിന്റെ പിടിയിലായത്.
ഒബ്റോണ്‍ മാളിലെ ഒരു ഷോപ്പിലെ ജീവനക്കാരും കൊല്ലം പുനലൂര്‍ സ്വദേശികളുമായ ശ്രാവണ്‍ സുധന് (22), കണ്ണന് (23) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ആക്രമണത്തില്‍ പ്രതികള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഒളിവിലാണ്. പ്രതികള്‍ സംഘം ചേര്‍ന്നു ആക്രമണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നു.
കറുകപ്പള്ളി ജംഗ്ഷനിലെ ഫ്രീക്ക്സ് എന്ന മുടിവെട്ടുകടയില്‍ ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. മുടിവെട്ടാനായുള്ള ഊഴം കാത്തിരിക്കുകയായിരുന്നു ശ്രാവണും കണ്ണനും. ഈ സമയം റോഡിലൂടെ പോവുകയായിരുന്ന ബിലാലും സംഘവും, തങ്ങളെ ഇരുവരും രൂക്ഷമായി നോക്കി എന്ന് ആരോപിച്ച് കടയിലേക്ക് കയറി വന്ന് മര്‍ദിക്കുകയായിരുന്നു.
യുവാക്കള്‍ക്ക് ദേഹമാകെ പരിക്കുണ്ട്. വിവരമറിഞ്ഞ് എളമക്കര പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികള്‍ ഇവിടെനിന്ന് കടന്നിരുന്നു. തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.