അരൂരിലെ വട്ടക്കേരി റോഡ് പൊട്ടിപ്പൊളിഞ്ഞു; യാത്രാദുരിതം
1573705
Monday, July 7, 2025 4:35 AM IST
അരൂർ: ലക്ഷങ്ങൾ വകയിരുത്തിയിട്ടും രണ്ടു വർഷമായി വട്ടക്കേരി റോഡ് തകർന്നു തന്നെ. സ്റ്റേറ്റ്ഹൈവേ അരൂക്കുറ്റി-അരൂർ റോഡിൽനിന്നു തുടങ്ങുന്ന 700 മീറ്റർ റോഡിന്റെ അറ്റകുറ്റപ്പണിക്കായി 2022ലും 24 ലും 16 ലക്ഷം രൂപ വകയിരുത്തിയെങ്കിലും കരാറുകാർ പണി ഏറ്റെടുക്കാത്തതിനാൽ റോഡ് നിർമാണം നടന്നില്ല.
ദേശീയ പാതയിലെ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ഹൈവേയിൽനിന്നു വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതിനും ഉപയോഗിക്കുന്ന അരൂരിലെ പ്രധാന റോഡാണിത്.
വട്ടക്കേരി റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ദേശീയ പാതയിൽ ചന്തിരൂർ ഭാഗത്ത് എത്തിച്ചേരാം. അരൂക്കുറ്റി റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ കണ്ടെയ്നർ ഒഴികെയുള്ള എല്ലാ വാഹനങ്ങളും തിരിച്ച് വിടുന്ന ഏക റോഡാണിത്. മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട് അരൂരിലെ നിരവധി ഗ്രാമീണ റോഡുകളാണ് തകർന്നിട്ടുള്ളത്.
വട്ടക്കേരി റോഡുമായി ബന്ധപ്പെടുന്ന മറ്റൊരു റോഡാണ് സെന്റ് ആന്റണീസ് ചർച്ച് റോഡ്. ഇതും ഗതാഗതയോഗ്യമല്ലാത്ത സ്ഥിതിയാണ്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ യാത്ര ചെയ്തിരുന്ന റോഡിന്റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കുന്നതിന് നിരവധി സമരങ്ങൾ നടത്തിയെങ്കിലും ഇതുവരെ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
ദേശീയ പാതയിലെ ദുരിതയാത്ര ഒഴിവാ ക്കാനായി നാട്ടുകാർ ഉപയോ ഗിച്ചിരുന്ന റോഡിനും ഇപ്പോൾ ദുർഗതി തന്നെ.