ജസ്റ്റീസ് കൃഷ്ണയ്യരുടെ ഇടപെടലുകള്‍ : ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് മാതൃക: ചീഫ് ജസ്റ്റീസ് ബി.ആര്.ഗവായ്
1573699
Monday, July 7, 2025 4:25 AM IST
കൊച്ചി: പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിനായി ഇന്ത്യന്‍ നീതിന്യായ സംവിധാനത്തെ നവീകരിച്ച ന്യായാധിപനായിരുന്നു ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യര്‍ എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായ്. 11-ാമത് ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ നിയമ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പൊതുതാല്പര്യ ഹര്‍ജികള്‍ പരിഗണിച്ച് ജസ്റ്റീസ് കൃഷ്ണയ്യര്‍ നടത്തിയ ഇടപെടലുകള്‍ ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് മാതൃകയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
"മൗലികാവകാശങ്ങളുടെയും നിര്‍ദേശക തത്വങ്ങളുടെയും സന്തുലനത്തില്‍ വി.ആര്. കൃഷ്ണയ്യരുടെ പങ്ക്' എന്നതായിരുന്നു പ്രഭാഷണ വിഷയം. സാമൂഹികശ്രേണിയിലെ ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യരോട് അനുകമ്പയോടെയുള്ള ഇടപെടല്‍ നടത്തിയിരുന്ന ജസ്റ്റീസ് കൃഷ്ണയ്യര്‍ പരിസ്ഥിതി സാമൂഹിക വിഷയങ്ങളില്‍ സുപ്രധാനമായ വിധിന്യായങ്ങള്‍ നടത്തി.
സാമൂഹിക നീതി ഉറപ്പാക്കാന്‍ നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയ അദ്ദഹത്തിന്റെ ഉത്തരവുകള്‍ തന്നെ വലിയരീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ദേവന് രാമചന്ദ്രന്, എസ്കെഎസ് ഫൗണ്ടേഷന് പ്രസിഡന്റ് ജസ്റ്റീസ് കെ. ബാലകൃഷ്ണന് നായര്‍, സെക്രട്ടറി അഡ്വ. സനന്ദ് രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
ശാരദ കൃഷ്ണ സദ്ഗമയ ഫൗണ്ടേഷന് ഫോര്‍ ലോ ആന്‍ഡ് ജസ്റ്റീസ് ആണ് പരിപാടി സംഘടിപ്പിച്ചത്.