നടത്തിപ്പിനു പ്രത്യേക വിഭാഗം, നവീകരണത്തിന് രണ്ടുകോടി
1576112
Wednesday, July 16, 2025 1:27 AM IST
ചാവക്കാട്: ശുചിമുറിമാലിന്യത്തിൽ മുങ്ങി ദുരിതത്തിലായ ചക്കംകണ്ടം നിവാസികളെ രക്ഷിക്കുന്നതിനായി ഗുരുവായൂർ അഴുക്കുചാൽ പദ്ധതിയുടെ നടത്തിപ്പിനുമാത്രമായി പ്രത്യേക സെക്ഷന്‍ ആരംഭിക്കാനും ചക്കംകണ്ടത്തെ പ്ലാന്റില്‍ നവീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും ഉന്നതതലസമിതിയില്‍ തീരുമാനം.
ഗുരുവായൂര്‍ സീവറേജ് പദ്ധതിയുമായി ബന്ധപ്പെട്ട് എൻ.കെ. അക്ബർ എംഎല്‍എ, വാട്ടര്‍ അഥോറിറ്റി ചീഫ് എൻജിനീയര്‍ വി.കെ. പ്രദീപ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചാവക്കാട് റസ്റ്റ്ഹസില് ഉന്നതതലയോഗം ചേര്‍ന്നത്. അഴുക്കുചാല്‍ പദ്ധതിയുടെ നിര്‍വഹണത്തിന് പ്രത്യേക സെക്ഷന്‍ ഇല്ലാത്തതും ജോലിഭാരംകൂടിയതും പ്രർത്തനത്തെ ബാധിച്ചു.
സീവറേജ് പദ്ധതിക്ക് മാത്രമായി പ്രത്യേകവിഭാഗം രൂപീകരിക്കുന്നതിന് സര്‍ക്കാരിലേക്ക് ശുപാര്‍ശനല്‍കാൻ ധാരണയായി. നിലവില്‍ ചക്കംകണ്ടത്ത് പ്രവര്‍ത്തിക്കുന്ന അഴക്കുചാൽശാലയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്താനും പമ്പിംഗ് മെയിനിലെ പൈപ്പുകള്‍മാറ്റി പുതിയവ സ്ഥാപിക്കാനും തീരുമാനമായി. ശാലയുടെ നവീകരണത്തിനായി 55 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി വാട്ടര്‍ അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയര്‍ യോഗത്തെ അറിയിച്ചു. രണ്ടുകോടിയോളം രൂപ അഴുക്കുചാല്പദ്ധതിയുടെ നവീകരണത്തിനായി വേണ്ടിവരുമെന്ന് യോഗം വിലയിരുത്തി.
തുക സര്‍ക്കാര്‍ ഫണ്ടായും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും കണ്ടെത്തുന്നതിന് ധാരണയായി. ഗുരുവായൂര്‍ നഗരത്തിലെ മുഴുവന്‍ പ്രദേശങ്ങളിലേയും മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള പൈപ്പ് ലൈനുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഈ പ്രദേശങ്ങളിലേക്കുകൂടി സീവറേജ് പദ്ധതി നടപ്പിലാക്കുന്നതിനു വിശദമായപദ്ധതി എത്രയുംവേഗം തയാറാക്കി സമര്‍പ്പിക്കുന്നതിന് വാട്ടര്‍ അഥോറിറ്റിയുടെ പിപിഡി ആൻഡ് സീവറേജ് വിഭാഗത്തെ ചുമതലപ്പെടുത്തി.
ചക്കംകണ്ടം പ്ലാന്റിലേക്ക് വാഹനത്തിൽ നേരിട്ട് ശുചിമുറിമാലിന്യം എത്തിക്കുന്നതിനുള്ള പദ്ധതിയില്ലെന്ന് എംഎൽഎ പറഞ്ഞു. യോഗത്തില്‍ നഗരസഭാധ്യക്ഷരായ എം. കൃഷ്ണദാസ്, ഷീജ പ്രശാന്ത് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.